X

വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ്; ഇ.ടി റെയില്‍വെ മന്ത്രിയെ കണ്ടു

മലപ്പുറം: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സ്റ്റോപ്പുകളില്‍ നിന്ന് തിരൂരിനെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും റയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോട്ടിയെയും നേരില്‍ കണ്ടു. ആദ്യഘട്ട പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വന്ന അന്തിമ പട്ടികയില്‍ ഒഴിവാക്കുകയായിരുന്നു. അതിന് യാതൊരു ന്യായീകരണവുമില്ലെന്ന് എം.പി പറഞ്ഞു.

കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 14 ശതമാനത്തോളം മലപ്പുറം ജില്ലയിലാണ്. പൗരാണിക കാലം മുതല്‍ തന്നെ റെയില്‍വേ മികച്ച പരിഗണന നല്‍കിയിരുന്ന ജില്ലയോട് ചെയ്ത ഏറ്റവും വലിയ അന്യായമാണിതെന്നും എം.പി ചൂണ്ടിക്കാട്ടി. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മ സ്ഥലമായ തിരൂരിലാണ് മലയാളം സര്‍വകലാശാലയുടെ ആസ്ഥാനം. കോട്ടക്കല്‍ ആയുര്‍വേദ ശാല, ആയുര്‍വേദ കോളജ്, ഹനുമാന്‍ കാവ് ക്ഷേത്രം, തൃക്കണ്ടിയൂര്‍ ക്ഷേത്രം, തിരുനാവായ നവാ മുകുന്ദ ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നതും തിരൂരിനടുത്താണെന്നും മന്ത്രിയെ ബോധ്യപ്പെടുത്തി.

പ്രാഥമിക ഘട്ടത്തിലുള്ള നീക്കങ്ങള്‍ പരിശോധിച്ച ശേഷം പുനഃപരിശോധന നടത്താമെന്നു മന്ത്രി എം.പിയെ അറിയിച്ചു. എം.പി ഇക്കാര്യത്തില്‍ പറയുന്ന വികാരം ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോട്ടിയെയും നേരില്‍ കണ്ട് എം.പി വിശദമായി ചര്‍ച്ച നടത്തി. ന്യായമായ പരിഹാരത്തിനായി റെയില്‍വേ ബോര്‍ഡിന്റെ മൊത്തത്തിലുള്ള സഹായവും എം.പി അഭ്യര്‍ത്ഥിച്ചു.

webdesk11: