X

വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണം- ജില്ലാ വികസന സമിതി

വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാറിനോടും റെയില്‍വെ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു. നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാല അടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങളുണ്ടായിട്ടും ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പനുവദിക്കാത്തതിലും ജില്ലയെ അവഗണിച്ചതിലും യോഗം പ്രമേയത്തിലൂടെ പ്രതിഷേധിച്ചു. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി അഷ്റഫ് കോക്കൂര്‍ എന്നിവരാണ് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്.

ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആശങ്കകളും ആവശ്യങ്ങളും പരിഗണിക്കാതെ ദേശീയപാതാ അതോറിറ്റി തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും യോഗത്തില്‍ എം.എല്‍.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി. അബ്ദുല്‍ ഹമീദ് എന്നിവര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ രണ്ടത്താണി, ഇരുമ്പുചോല എന്നിവിടങ്ങളില്‍ അണ്ടര്‍പാസുകള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ജനരോഷം ശക്തമാണ്. ഡ്രൈനേജ് നിര്‍മാണത്തിലെ അപാകത, സര്‍വീസ് റോഡുകള്‍ക്കുള്ള കണക്ടിവിറ്റി പ്രശ്നം, ഗതാഗത കുരുക്ക്, വിദ്യാര്‍ഥികളുടെ സഞ്ചാര പ്രശ്നം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ദേശീയപാതാ നവീകരണ മേഖലകളില്‍ അനുഭവിക്കുന്നത്. മഴക്കാലം വരുന്നതോടു കൂടി ദുരിതം വര്‍ധിക്കാന്‍ സാധ്യതയുണ്ടായിട്ടും ദേശീയപാതാ അതോറിറ്റി ഇക്കാര‌്യം ശ്രദ്ധിക്കുന്നില്ലെന്നും എം.എല്‍.എമാര്‍ പറഞ്ഞു. ദേശീയ പാത നിര്‍മാണം നടക്കുന്ന മേഖലകളില്‍ സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ദേശീയപാതാ അധികൃതരോട് ആവശ്യപ്പെട്ടു. നിര്‍മാണം നടക്കുന്ന മേഖലകളില്‍ സൂചനാ, മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവം കാരണം അപകടങ്ങള്‍ പതിവാകുകയാണ്. ജനങ്ങളുടെ സുരക്ഷയ്ക്ക് മുഖ്യപരിഗണന നല്‍കണമെന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് താലൂക്ക്തല സുരക്ഷാകമ്മിറ്റി യോഗം മാസം തോറും ചേരുന്നുണ്ടെന്ന കാര്യം വകുപ്പുകള്‍ ഉറപ്പാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പ്രവൃത്തി നടക്കുന്ന സ്ഥലത്ത് സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്താന്‍ കരാര്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് ദേശീയപാതാ അതോറിറ്റിക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പി. നന്ദകുമാര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി ഡെപ്യൂട്ടി കളക്ടര്‍ (ദേശീയപാതാ സ്ഥലമെടുപ്പ് വിഭാഗം) അറിയിച്ചു.
റിവര്‍ മാനേജ്മെന്റ് ഫണ്ടുപയോഗിച്ച് ജില്ലയില്‍ പ്രവൃത്തികളൊന്നും നടക്കുന്നില്ലെന്നും ഫണ്ടിലെ പണം മറ്റു ജില്ലകളിലേക്ക് നല്‍കുകയാണെന്നും ഇക്കാര്യം പരിശോധിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജില്ലയില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാണെന്നും വോള്‍ട്ടേജ് കുറവു മൂലം വിവിധ കുടിവെള്ള പദ്ധതികളുടെ മോട്ടോറുകള്‍ പ്രവര്‍ത്തിക്കാത്തതിനാലും മറ്റും ജലക്ഷാമം അടക്കം നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും ഇക്കാര്യം പരിഹരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ‌എം.എല്‍.എമാരായ പി. ഉബൈദുല്ല, പി.കെ കുഞ്ഞാലിക്കുട്ടി, പി. അബ്ദുല്‍ ഹമീദ്, അഡ്വ.. യു.എ ലത്തീഫ്, നജീബ് കാന്തപുരം, ജില്ലാ പൊലീസ് മേധാവി സുജിത് ദാസ്, ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ മൂത്തേടം, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി അഷ്റഫ് കോക്കൂര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എം സുമ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

webdesk14: