ദമാം; ഇന്ത്യയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ സര്‍വീസുകള്‍ റദ്ദാക്കില്ലെന്ന് സൗദി. സൗദിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വന്ദേ ഭാരത് മിഷന്‍ റദ്ദാക്കില്ലെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് ഏവിയേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
വന്ദേ ഭാരത് മിഷന്‍ ഉള്‍പ്പെടെ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഉള്ള എല്ലാ വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങളെ ബാധിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. വന്ദേഭാരത് പദ്ധതി പ്രകാരം നിലവില്‍ ഷെഡ്യുള്‍ ചെയ്ത സര്‍വീസുകളെ ജിഎസിഎ സര്‍ക്കുലര്‍ ബാധിക്കുന്ന ഒരറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിമാനക്കമ്പനി അധികൃതരും പറഞ്ഞു.
കോവിഡ് കാല യാത്രാ നിയന്ത്രണങ്ങള്‍ ഒഴിവാക്കി ജിഎസിഎ നേരത്തേ ഇറക്കിയ 25 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുണ്ടായിരുന്നില്ല. ആ പട്ടിക വിപുലീകരിക്കുക മാത്രമാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ചെയ്തിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഈ പട്ടികയിലും ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ ഇല്ല എന്നതാണ് സര്‍ക്കുലറിലെ ഉള്ളടക്കം. നിലവില്‍ നിലനിന്ന യാത്രാ നിയന്ത്രണങ്ങള്‍ അനിശ്ചിത കാലത്തേയ്ക്ക് നീളുന്നു എന്നതാണ് സംഭവിച്ചിരിക്കുന്നത്. പുതുതായി ആരംഭിക്കുമെന്നറിയിച്ച സര്‍വീസുകള്‍ റദ്ദ് ചെയ്യുകയോ പട്ടികപ്പെടുത്തിയ യാത്രകള്‍ മുടങ്ങുകയോ ചെയ്തിട്ടില്ല.
അതേസമയം, കോവിഡ് കാലത്തിന് മുമ്പ് അവധിയില്‍ പോയ പ്രവാസികള്‍ക്ക് സൗദിയിലെ വിലക്കുകള്‍ നീങ്ങുമ്പോഴും തിരിച്ചെത്തുന്നത് സംബന്ധിച്ച തീരുമാനം അനിശ്ചിതമായി നീളുന്നു എന്ന പ്രശ്‌നമുണ്ട്. ഇത് മലയാളികളുള്‍പ്പെടെ നിരവധി പ്രവാസികളെ കുഴക്കും.