വിവാദമായ വഞ്ചിയൂര്‍ സിപിഎം സമ്മേളനത്തിന് സ്റ്റേജ് കെട്ടാന്‍ റോഡ് കുത്തിപ്പൊളിച്ചെങ്കില്‍ കേസ് മാറുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് തടഞ്ഞാണ് ജോയിന്റ് കൗണ്‍സിലിന്റെ സമരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ ഹൈക്കോടതിയില്‍ ഡിജിപി വിശദീകരണം നല്‍കി.
പരിപാടികള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെന്ന് ഡി.ജി.പി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. വഞ്ചിയൂര്‍ സംഭവം അറിഞ്ഞ ഉടനെ തന്നെ ഇടപെട്ടെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.
റോഡില്‍ സ്റ്റേജ് കെട്ടി രാവിലെ മുതല്‍ വഴി തടസ്സപ്പെട്ടതിനു പിന്നാലെ വൈകിട്ട് സംഭവം വാര്‍ത്തയായതിന് ശേഷമായിരുന്നു പൊലീസ് ഇടപെടല്‍ നടന്നത്. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്റെയും കോടതിയുടേയും അടുത്താണ് സംഭവം നടന്നത്.
റോഡില്‍ എങ്ങനെയാണ് സ്റ്റേജ് കെട്ടിയതെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. സെക്രട്ടറിയേറ്റിനു മുന്നിലെ സിപിഐ പരിപാടിക്കെതിരെയും കേസെടുത്തതായി ഡിജിപി അറിയിച്ചു.
വഞ്ചിയൂരില്‍ പൊതുവഴിയില്‍ സിപിഎം ഏരിയ സമ്മേളനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരെ എതിര്‍കക്ഷികള്‍ ആക്കിയാണ് ഹരജി.
യാത്രാവകാശത്തെ തടസ്സപ്പെടുത്തുന്നതാണ് റോഡ് തടഞ്ഞുള്ള പരിപാടിയെന്ന് നിരീക്ഷിച്ച കോടതി, ഹൈക്കോടതിയുടെ തന്നെ മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ പൊലീസും സര്‍ക്കാരും കാണിക്കുന്ന അലംഭാവത്തെയും കോടതി ശക്തമായി വിമര്‍ശിച്ചു.
സംസ്ഥാന പൊലീസ് മേധാവിയോടും സിറ്റി പൊലീസ് കമ്മീഷണറോടും ഹൈക്കോടതി വിശദീകരണം തേടി. വ്യാഴാഴ്ച സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മതിയായ രേഖകള്‍ സഹിതം കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ഡിവിഷന്‍ ആവശ്യപ്പെട്ടു.