X

വാളയാറില്‍ സഹോദരിമാരുടെ മരണം: രണ്ടുപേരും പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തല്‍; ബന്ധുവടക്കം മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍

 

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളം പാമ്പാംപള്ളത്ത് ഒന്നരമാസത്തിനിടെയുണ്ടായ സഹോദരിമാരുടെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിയുന്നു. കഴിഞ്ഞദിവസം മരണമടഞ്ഞ പെണ്‍കുട്ടിയും ഒന്നരമാസം മുമ്പ് മരണപ്പെട്ട സഹോദരിയായ പെണ്‍കുട്ടിയും പീഡനത്തിന് ഇരയായെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ബന്ധുവടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൂത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കുട്ടിയുടെ അമ്മ ഭാഗ്യം തന്നെ വെളിപ്പെടുത്തി. ഇതില്‍ കുട്ടിയുടെ ബന്ധുവിനെ താക്കീത് ചെയ്തിരുന്നതായും പറയുന്നു. സംഭവം അന്നുതന്നെ പൊലീസിന് അറിയിച്ചെങ്കിലും അന്വേഷണമുണ്ടായില്ല. ഇതോടെ പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച കേസില്‍ പൊലീസ് വീഴ്ച വരുത്തിയെന്നുറപ്പായി. കഴിഞ്ഞദിവസം സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അനേ്വഷണത്തിന് ഉത്തരവിട്ടിരുന്നു.
ഇളയ പെണ്‍കുട്ടി മരിച്ചതിന് 52 ദിവസങ്ങള്‍ക്ക് മുന്‍പാണ് പതിനാലുകാരിയായ പെണ്‍കുട്ടിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത് ഒരേ രീതിയിലായിരുന്നു. ഒറ്റ മുറിയുള്ള വീട്ടില്‍ ഉത്തരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൊലപാതകമാണെന്ന് സംശയിക്കുന്ന മൂത്ത പെണ്‍കുട്ടിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷിയായിരുന്നു ഒന്‍പതുകാരിയായ അനുജത്തി. കുട്ടികളുടെ മരണങ്ങളില്‍ ശിശുക്ഷേമ സംവിധാനത്തിനും പൊലീസിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും വീഴ്ചവന്നതായി ആരോപണമുണ്ടെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
അട്ടപ്പള്ളത്തെ വീട്ടില്‍ ജനുവരി 12നാണ് മൂത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരുവര്‍ഷം മുന്‍പ് ബന്ധുവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതു സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് പെണ്‍കുട്ടിയുടെ മാതാവ് ഭാഗ്യം പറഞ്ഞു. എന്നാല്‍ ബന്ധുവിനെ പലതവണ താക്കീത് ചെയ്തിരുന്നതായും ഇയാള്‍ ഇത് അവഗണിച്ചുവെന്നും മാതാവ് പറയുന്നു. രണ്ടാമത്തെ കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടത് പൊലീസില്‍ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞു.
അതേസമയം മരിച്ച രണ്ടു കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായതായി ഐ ജി എം ആര്‍ അജിത്കുമാര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിലും ശാസ്ത്രീയ പരിശോധനയിലും ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മൂത്ത പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഫെബ്രുവരി ഒന്നിന് പൊലീസിന് ലഭിച്ചിരുന്നു. എന്നിട്ടും ഇതു സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായില്ല. ലൈംഗിക ചൂഷണം നടന്നിട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസവും പൊലീസിന്റെ മറുപടി. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കൂലിപ്പണിക്കാരായ ഷാജിയും ഭാര്യ ഭാഗ്യവും രാവിലെ ജോലിയ്ക്ക് പോയാല്‍ വൈകുന്നേരമേ വീട്ടില്‍ തിരിച്ചെത്തുകയുള്ളൂ. ഈ സാഹചര്യമാണ് പീഡനത്തിന് ഇടയാക്കിയത്. കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകന്‍ ഉള്‍പ്പടെയുള്ള മൂന്നുപേരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.
സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ പാലക്കാട് ജില്ലാ കലക്ടറും പൊലീസ് സൂപ്രണ്ടും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറിയും ഒരുമാസത്തിനകം അനേ്വഷണ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

chandrika: