പാലക്കാട്: വാളയാര്‍ കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കാന്‍ വേണ്ട നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ വാക്ക് യാതൊരു വിലയുമില്ലാത്ത ചതിയായി മാറിയെന്നും മുഖ്യമന്ത്രിയുടെ കാലുപിടിപ്പിച്ച കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ വഞ്ചിച്ചെന്നും മരിച്ച കുട്ടികളുടെ അമ്മ.
പുനരന്വേഷണ ഉത്തരവിറങ്ങും മുന്‍പു കേസ് വീണ്ടും അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്. വനിതാ സെല്ലില്‍നിന്നെന്നു പറഞ്ഞു കഴിഞ്ഞ 19നു വീട്ടിലെത്തിയ രണ്ടു വനിതാ പൊലീസുകാര്‍ മൊഴി രേഖപ്പെടുത്തണമെന്നു വാശി പിടിച്ചു. മക്കള്‍ കൊല്ലപ്പെട്ടതാണെന്നു മൊഴി കൊടുത്തെങ്കിലും ‘പെണ്‍കുട്ടികള്‍ മരിച്ചു തൂങ്ങിനില്‍ക്കുന്നു’ എന്നാണു രേഖപ്പെടുത്തിയത്.
മൊഴി രേഖപ്പെടുത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ അവരുടെ പേരും ഫോണ്‍ നമ്പറും എഴുതിയിരുന്നില്ല. മൊഴിയെടുക്കുന്ന തീയതിയും രേഖപ്പെടുത്തിയില്ലെന്നതു ദുരൂഹമാണ്. കേസില്‍ പ്രബലനായൊരു ആറാം പ്രതി കൂടി ഉണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണു പൊലീസിന്റെ നീക്കങ്ങളെന്നും അവര്‍ പറഞ്ഞു.
പൊലീസ് തങ്ങളെ ജീവിക്കാന്‍ സമ്മതിക്കാത്ത അവസ്ഥയാണ്. കേസ് അട്ടിമറിക്കുന്നതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കു സ്ഥാനക്കയറ്റം നല്‍കിയ സര്‍ക്കാര്‍, യഥാര്‍ത്ഥ പ്രതികളെ പുറത്തു കൊണ്ടുവരുമെന്നു തങ്ങള്‍ക്കു നല്‍കിയ വാക്കു പാലിച്ചില്ലെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.