X
    Categories: MoreViews

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം; അന്വേഷണത്തില്‍ പോലീസിന്റെ വിഴ്ച്ച; എസ്.ഐക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് പതിമൂന്നും ഒന്‍പതും വയസ്സുള്ള സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണ ചുമതലയുണ്ടായിരുന്ന വാളയാര്‍ എസ്.ഐ പി.സി ചാക്കോയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കസബ മുന്‍സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരേയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നര്‍ക്കോട്ടിക്‌സെല്‍ ഡി.വൈ.എസ്.പി എം.ജെ സോജന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണം സംഘം. കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബന്ധുഉള്‍പ്പെടെ രണ്ടുപേരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.

പാലക്കാട് ജില്ലയുടെ ചുമതലയുളള മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബെഹ്റ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ചാക്കോയെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഇന്നലെ ഇദ്ദേഹത്തെ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും നീക്കം ചെയ്തിരുന്നു. കൂടാതെ പോലീസ് വീഴ്ചയില്‍ വകുപ്പ് തല അന്വേഷണത്തിനും പോലീസ് ഉത്തരവിട്ടിരുന്നു. മൂത്തപെണ്‍കുട്ടിയുടെ മരണത്തെ സംബന്ധിച്ച് എസ്.ഐയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ വീഴ്ച്ച സംഭവച്ചിതായി വിമര്‍ശനമുയര്‍ന്നിരുന്നു. പിന്നീട് ഇളയകുട്ടിയും മരണപ്പെട്ടപ്പോഴാണ് അന്വേഷണത്തിലെ വീഴ്ച്ച പുറത്തുവരുന്നത്.

ഇളയകുട്ടിയുടെ അച്ഛന്റെ സുഹൃത്തും, കുട്ടിയുടെ അമ്മയുടെ ബന്ധുക്കളും അയല്‍വാസിയുമാണ് ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലുള്ളത്. ഇവര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതികളില്‍ ഒരാളുടെ കയ്യില്‍ നിന്ന് കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടെടുത്തു. ബന്ധു മൂത്തകുട്ടിയെ നേരത്തെ പലവട്ടം പീഡിപ്പിച്ചതായി പെണ്‍കുട്ടി കുട്ടികളുടെ അമ്മ മൊഴി നല്‍കിയിരുന്നു. മൂത്തകുട്ടി മരിച്ച ദിവസം വീട്ടില്‍ രണ്ടുപേര്‍ വന്നിരുന്നുവെന്ന് ഇളയകുട്ടി പറഞ്ഞതായും കുട്ടികളുടെ അമ്മ മൊഴി നല്‍കിയിട്ടുണ്ട്.

chandrika: