എറണാകുളം: പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിച്ച വാളയാര്‍ കേസില്‍ ഇരകളുടെ കുടുംബത്തിന് നീതി ലഭ്യമാകും വരെ ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് വനിതാ ലീഗ് സംസ്ഥാന നേതാക്കള്‍. ഇരകളുടെ അമ്മ നടത്തി വരുന്ന സമരങ്ങളുടെ ഭാഗമായി എറണാകുളത്തു നടന്ന സമര സംഗമത്തില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ അണിചേര്‍ന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തുടര്‍ കഥയാകുമ്പോള്‍ ആക്രമികള്‍ക്കെതിരെ സമൂഹ മനസാക്ഷി ഒറ്റ കെട്ടായി നിലകൊള്ളണമെന്നും സര്‍ക്കാര്‍ സംവിധാനങ്ങളും നിയമ വ്യവസ്ഥകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഇരകളുടെ അമ്മക്ക് പിന്തുണയറിയിച്ച് നിരവധി ആളുകള്‍ ഇന്ന് എറണാകുളത്ത് തല മുണ്ഡനം ചെയ്തു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് സമരക്കാര്‍ പ്രധാനമായും ആവശ്യപ്പെട്ടു. ഇനിയുള്ള പ്രക്ഷോഭങ്ങളിലും വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി രൂപീകരിക്കപ്പെട്ട ആക്ഷന്‍ കൗണ്‍സിലിനും വിവിധ വാനിതാ സംഘടനകള്‍ക്കുമൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്നും വനിതാ ലീഗ് പ്രഖ്യാപിച്ചു.
വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാടിന്റെയും ജനറല്‍ സെക്രട്ടറി പി.കുല്‍സുവിന്റെയും നേതൃത്വത്തില്‍ നടന്ന ഐക്യദാര്‍ഢ്യ പ്രക്ഷോഭത്തില്‍ സംസ്ഥാന വനിതാ ലീഗ് ഭരവാഹികളായ സീമ യഹ്‌യ, പി.സഫിയ, സെറീന ഹസീബ്, ബ്രസീലിയ, സാജിത സിദ്ധീഖ്, ജില്ലാ നേതാക്കളായ റംല മാഹിന്‍, ഷാഹിദ അലി, സാജിത നൗഷാദ്, ഇടുക്കി പ്രസിഡന്റ് സഫിയ, ജില്ലാ മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.