പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കള്‍ സമരത്തിലേക്ക്. കേസന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടി വേണമെന്നും ഹൈക്കോടതിയുടെ മേല്‍ നോട്ടത്തില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമരം തുടങ്ങാനാണ് തീരുമാനം.
മൂന്ന് വര്‍ഷം മുമ്പാണ് വാളയാറില്‍ ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. അറസ്റ്റ് ചെയ്തവരില്‍ കുറ്റം തെളിയിക്കാന്‍ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതോടെ ഏഴ് പേരില്‍ നാലു പേരേയും കോടതി കുറ്റവിമുക്തരാക്കി. മൂന്നാംപ്രതിയായ പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തു. നീതി നിഷേധിക്കപ്പെട്ട കുടുംബം നിയമപോരോട്ടം തുടരുകയാണ്. ഇതിനൊപ്പമാണ് സമരരംഗത്തേക്കും ഇറങ്ങാനുള്ള തീരുമാനം.
ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക, കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ആരോപണവിധേയനായ ഡിവൈഎസ്പി എംജി സോജന് സ്ഥാനകയറ്റം നല്‍കിയത് റദ്ധാക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.
നേരത്തെ വാളയാര്‍ സമരസമതി ഹൈക്കോടതിക്ക് മുന്നില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് വാളയാര്‍ നീതിയാത്രയും സെക്രട്ടറിയേറ്റിന് മുന്നില്‍ കുടില്‍കെട്ടി സമരവും നടത്തിയിരുന്നു. ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചതോടെ നിര്‍ത്തിവച്ച പ്രതിഷേധങ്ങള്‍ വീണ്ടും ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.