X

മൃതദേഹം കാണാതായ സുബീറയുടേത് തന്നെ; അന്വേഷണത്തില്‍ പ്രതിയും കൂടെക്കൂടി, പക്ഷേ, ഒരു നീക്കം പാളി

മലപ്പുറം: വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ചോറ്റൂര്‍ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹതിന്റേത് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെയുള്ള ചെങ്കല്‍ ക്വാറിക്ക് അടുത്ത ഭൂമിയില്‍ മണ്ണിട്ടു മൂടിയ നിലയില്‍ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് 10 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. കൊലപാതകം നടത്തി മൃതദേഹം മണ്ണിട്ടു മൂടി ഒളിപ്പിച്ച പ്രതി അന്‍വര്‍ പിടിയിലായി. തിരൂര്‍ ഡി.വൈ.എസ്.പി. കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസിന് തുമ്പുണ്ടാക്കിയത്.

പെണ്‍കുട്ടിയുടെ ദേഹത്തുള്ള മൂന്നര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായിരുന്നു. ഇത് തൊട്ടടുത്തുള്ള കുഴല്‍ കിണറില്‍ ഉപേക്ഷിച്ചെന്ന് പ്രതി സമ്മതിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം വെട്ടുകല്ല് ക്വാറിക്കു സമീപത്തെ അന്‍വറിന്റെ ഭൂമിയില്‍ എത്തിച്ച് മണ്ണിട്ട് മൃതദേഹം മൂടുകയായിരുന്നു. പ്രതിയെ പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വലയിലായത്. കഴിഞ്ഞ മാര്‍ച്ച് 10നാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പെണ്‍കുട്ടി പുറപ്പെട്ടത്. ജോലി സ്ഥലത്തേക്ക് പോവുന്ന വഴിയിലെ സി.സി.ടി.വി ക്യാമറയില്‍ പെണ്‍കുട്ടി നടന്നു പോവുന്ന വ്യക്തമായ ദൃശ്യങ്ങളുണ്ട്.

പെണ്‍കുട്ടിയുടെ ഫോണ്‍ ഓഫായ ഇടത്തു കേന്ദ്രീകരിച്ചു തന്നെയായിരുന്നു പൊലീസ് കഴിഞ്ഞ കുറേ ദിവസങ്ങളായി അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതി അന്‍വറിലേക്കുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചു. പക്ഷേ, അന്‍വറാണെന്ന് പൂര്‍ണമായി പൊലീസിന് ഉറപ്പിക്കാനായതുമില്ല. മാത്രവുമല്ല, പൊലീസിന്റെ അന്വേഷണങ്ങള്‍ക്കൊപ്പം സഹകരിച്ചിരുന്നയാള്‍ കൂടിയായിരുന്നു പ്രതി.

സ്ഥലത്ത് ജെസിബി ഉപയോഗിച്ചുള്ള മണ്ണു മാന്തലിനോടും പ്രതി പൂര്‍ണമായി സഹകരിച്ചു. ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ അവിടെ മണ്ണു നീക്കേണ്ടതില്ലെന്ന് പ്രതി പറഞ്ഞതോടെയാണ് തിരോധാനത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിക്കുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

കൊലപാതകത്തിന് മുന്‍പോ ശേഷമോ മറ്റാരുടേയെങ്കിലും സഹായം പ്രതിക്ക് ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

web desk 1: