X

‘ഗുഡ്‌നൈറ്റ് സന്ദേശയമച്ചപ്പോള്‍ ശ്രീറാം കാറുമായി വരാന്‍ പറഞ്ഞു’; വഫ ഫിറോസിന്റെ രഹസ്യമൊഴി പുറത്ത്

തിരുവനന്തപുരം; മാധ്യമ പ്രവര്‍ത്തകനായ കെ.എം.ബഷീര്‍ മരിക്കാനിടയായ അപകടം നടക്കുമ്പോള്‍ ഉണ്ടായ സംഭവത്തില്‍ വഫ ഫിറോസ് നല്‍കിയ രഹസ്യമൊഴി പുറത്ത്. അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ ആണെന്ന് ഒപ്പം യാത്ര ചെയ്ത വഫ ഫിറോസ് മൊഴി നല്‍കി. ശ്രീറാം മദ്യപിച്ചിരുന്നുവെന്നും ശ്രീറാമിനു ഗുഡ്‌നൈറ്റ് സന്ദേശം അയച്ചപ്പോഴാണ് തന്നോടു കവടിയാറിലേക്ക് കാറുമായി വരാന്‍ പറഞ്ഞതെന്നും മൊഴിയിലുണ്ട്. പിന്നീട് അമിതവേഗതയില്‍ കാറോടിക്കുകയായിരുന്നു ശ്രീറാമെന്നും മൊഴിയില്‍ പറയുന്നു.

വഫയുടെ മൊഴിയുടെ പൂര്‍ണ്ണരൂപം:

എനിക്ക് 16 വയസുള്ള മകളുണ്ട്. ഞാന്‍ ബഹ്‌റൈനില്‍നിന്ന് ഒരു മാസത്തേക്ക് അവധിക്ക് വന്നതാണ്. ശ്രീറാം എന്റെ സുഹൃത്താണ്. അപകടം നടന്ന സമയത്ത് ശ്രീറാമാണ് കാര്‍ ഓടിച്ചിരുന്നത്. രാത്രി ഞാന്‍ ഗുഡ് നൈറ്റ് മെസേജ് എല്ലാ സുഹൃത്തുക്കള്‍ക്കും അയയ്ക്കും. കൂടെ ശ്രീറാമിനും അയച്ചു. സാധാരണ ശ്രീറാം പ്രതികരിക്കാറില്ല. എന്നാല്‍ ഇന്നലെ (അപകടം നടന്ന ദിവസം രാത്രി) ശ്രീറാം പ്രതികരിച്ചു.

വാഹനം ഉണ്ടോയെന്ന് എന്നോട് ചോദിച്ചു. ഞാന്‍ ഉണ്ടെന്നു പറഞ്ഞു. കാറുമായി കവടിയാറില്‍ വരാന്‍ പറഞ്ഞു. ഞാന്‍ മകളോട് ശ്രീറാമിനെ ഡ്രോപ്പ് ചെയ്തിട്ടു വരാമെന്നു പറഞ്ഞു വീട്ടില്‍നിന്ന് ഇറങ്ങി. കവടിയാര്‍ പാര്‍ക്കിന്റെ ഭാഗത്തെത്തിയപ്പോള്‍ ശ്രീറാം ഫോണിലായിരുന്നു. ഫോണ്‍ ചെയ്തശേഷം ശ്രീറാം കാറില്‍ കയറി. ഞാനാണ് വണ്ടി ഓടിച്ചത്. കഫേ കോഫീഡേയ്ക്ക് സമീപമെത്തിയപ്പോള്‍ ഞാന്‍ വാഹനം ഓടിക്കണോ എന്ന് ശ്രീറാം ചോദിച്ചു. നിങ്ങള്‍ക്ക് വാഹനം ഓടിക്കണമെങ്കില്‍ ആകാമെന്നു ഞാനും പറഞ്ഞു.

ശ്രീറാം വാഹനത്തിന്റെ പുറകിലൂടെ െ്രെഡവിങ് സീറ്റിലേക്ക് കയറി. ഞാന്‍ അകത്തുകൂടി കാലിട്ടാണ് അപ്പുറത്തെ സീറ്റിലേക്ക് മാറിയത്. സിഗ്‌നല്‍ ലൈറ്റില്ലാത്തതിനാല്‍ വാഹനം അമിത വേഗതയിലായിരുന്നു. പതുക്കെ പോകാന്‍ ഞാന്‍ പല പ്രാവശ്യം പറഞ്ഞു. എന്നാല്‍ വളരെ വേഗത്തിലാണ് ശ്രീറാം വണ്ടി ഓടിച്ചത്. മ്യൂസിയം പൊലീസ് സ്‌റ്റേഷന്‍ കഴിഞ്ഞുള്ള വഴിയില്‍ ഒരു ബൈക്ക് പതുക്കെ പോകുന്നുണ്ടായിരുന്നു.

ഞങ്ങളുടെ വാഹനം അമിത വേഗതയിലായിരുന്നതിനാല്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. ബ്രേക്ക് ചവിട്ടിയിട്ടും കിട്ടിയില്ല. ശ്രീറാമും ഞാനും ചാടി പുറത്തിറങ്ങി. എയര്‍ ബാഗ് ഓപ്പണ്‍ ആയിരുന്നു. ശ്രീറാം അപകടം നടന്ന ആളെ പൊക്കിയെടുത്തു റോഡില്‍ കൊണ്ടുവന്നു. പൊലീസ് വന്നു. എന്നോട് വീട്ടില്‍ പോകാന്‍ എല്ലാവരും ആവശ്യപ്പെട്ടു. ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നു. വീട്ടില്‍പോയി 2 മണി ആയപ്പോള്‍ ഞാന്‍ സ്‌റ്റേഷനില്‍ തിരിച്ചുവന്നു. കാര്‍ ഞാന്‍ ഓടിച്ചിരുന്നെങ്കില്‍ അപകടം ഉണ്ടാകില്ലായിരുന്നു.

chandrika: