വഡോദര: അനുമതിയില്ലാതെ തൊഴിലാളികള്‍ കൂട്ടത്തോടെ താമസിച്ചിരുന്ന ചേരി പൊളിച്ചെന്ന പരാതിയെ തുടര്‍ന്ന് ബിജെപി കൗണ്‍സിലറെ ജനക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ബിജെപി കൗണ്‍സിലര്‍ ഹാഷ്മുഖ് പട്ടേലിനാണ് മര്‍ദ്ദനമേറ്റത്. ജനങ്ങള്‍ വളഞ്ഞിട്ടു മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. സംഭവുമായി ബന്ധപ്പെട്ട് 30 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തദ്ദേശവാസികളാണ് അറസ്റ്റിലായത്. റവന്യു വകുപ്പിന്റെ അനുമതി കൂടാതെയാണ് ഷെഡുകള്‍ പൊളിച്ചതെന്ന് ഇവര്‍ ആരോപിച്ചു.
സ്ഥലം കൗണ്‍സിലറും കൂട്ടാളികളും ചേരിയിലെത്തി ഷെഡുകള്‍ പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യം ചിലര്‍ എതിര്‍ത്തെങ്കിലും പൊളിക്കല്‍ തുടരുകയായിരുന്നു. എന്നാല്‍, ചേരിനിവാസികള്‍ സംഘടിക്കുകയും പൊളിക്കാനുള്ള അനുമതി കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വ്യക്തമായ മറുപടി നല്‍കാന്‍ കൗണ്‍സിലറിന് കഴിഞ്ഞില്ല. ഇതോടെ കൂട്ടമായെത്തിയ ചേരിനിവാസികള്‍ കൗണ്‍സിലറെ വളയുകയും സമീപത്തെ മരത്തില്‍ കെട്ടിയിടുകയുമായിരുന്നു. അതേസമയം, പ്രദേശത്തെ ഷെഡുകള്‍ ഏറെയും നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ചവയാണെന്നും നോട്ടീസ് നല്‍കാന്‍ കഴിഞ്ഞില്ലെന്നും റവന്യു വകുപ്പ് വ്യക്തമാക്കി.
- 7 years ago
chandrika