തൃശൂര്‍: സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍ ജയന്തനെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡന ആരോപണം സംബന്ധിച്ച് പാര്‍ട്ടി നടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. പരാതിയുമായി ബന്ധപ്പെട്ട് സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഇന്ന് 10 മണിക്ക് ചേരുന്ന അടിയന്തിര ജില്ലാ കമ്മിറ്റി യോഗത്തിലാവും നടപടി ഉണ്ടാകുക.
ലൈംഗിക പീഡനം സംബന്ധിച്ച യുവതിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ആരോപണ വിധേയനായ ജയന്തനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ അടിയന്തിര യോഗം ചേരാന്‍ തീരുമാനിച്ചത്.
നേരത്തെ അന്വേഷണം നടത്തിയ ശേഷം കുറ്റം തെളിഞ്ഞാല്‍ മാത്രമേ ഇയാള്‍ക്കെതിരെ നടപടിയെന്നായിരുന്നു പീഡന ആരോപണം പുറത്തുവന്ന ഉടനെ പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ വിഷയം വിമര്‍ശനത്തിനിടയായ സാഹചര്യത്തില്‍ നിലപാട് മാറ്റുകയും ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
പീഡന ആരോപണം സംബന്ധിച്ച് പോലീസ് നടപടികള്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി ജയന്തനെതിരെ നടപടിയ്ക്ക് ഒരുങ്ങുന്നത്. ജയന്തനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് നീക്കുക എന്നതാകും നടപടി. എന്നാല്‍ കൗണ്‍സിലര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുമെന്നാണ് സൂചന. പാര്‍ട്ടി തലത്തിലും പരാതി സംബന്ധിച്ച അന്വേഷണത്തിനായി കമ്മീഷനെ നിശ്ചയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം യുവതിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണ ചുമതലയില്‍ നിന്നും പേരാമംഗലം സിഐ മണികണ്ഠനെ നീക്കി. ആരോപണ വിധേയനായ പേരാമംഗലം സി.ഐ മണികണ്ഠനെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റി പകരം ഗുരുവായൂര്‍ എസിപി പി.എ. ശിവദാസനാണ് അന്വേഷണ ചുമതല.
പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നതിനുള്ള നടപടിയുമായി പുതിയ അന്വേഷണസംഘം ഉടന്‍ മുന്നോട്ടുപോകും. തുടര്‍ന്നാവും ജയന്തന്റെ മൊഴി പോലീസ് രേഖപ്പെടുത്തുക.
കഴിഞ്ഞ ദിവസമാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. രണ്ട് ദിവസം മുന്‍പ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫെയ്‌സ് ബുക്ക് പോസ്റ്റ് വഴി വെളിപ്പെടുത്തിയ സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം യുവതി വാര്‍ത്താസമ്മേളനം വിളിച്ച് തുറന്ന് പറയുകയായിരുന്നു. പിഎന്‍ ജയന്തന്‍ ഉള്‍പ്പെടെ നാലുപേര്‍ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.