X

സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവം; ബിബീഷിന് സഹായം ചെയ്തവരും കുടുങ്ങും

വടകര സദയം സ്റ്റുഡിയോ ജീവനക്കാരന്‍ ബിബീഷിനെ വടകര പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍

വടകര: സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി ബിബീഷിന് ആരൊക്കെ സഹായം ചെയ്തുവെന്ന കാര്യം പരിശോധിക്കുമെന്ന് അന്വേഷണ സംഘം. വയനാട്ടിലെ ഭാര്യവീട്ടില്‍ പോയപ്പോഴാണ് പൊലീസ് തന്നെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കി, വടകര സദയം സ്റ്റുഡിയോ ജീവനക്കാരന്‍ ബിബീഷ് അവിടെ നിന്നും മുങ്ങിയത്. തുടര്‍ന്ന് തിരുവനന്തപുരത്തേക്കും അവിടെ നിന്ന് ഇടുക്കിയിലേക്കും പോവുകയായിരുന്നു. ഭാര്യയുടെ ഇടുക്കിയിലെ ബന്ധുവീട്ടിന് സമീപം മൂന്ന് ദിവസമാണ് ഇയാള്‍ താമസിച്ചത്. രണ്ട് വര്‍ഷത്തോളമായി ബിബീഷ് സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി ചേര്‍ത്ത് മോര്‍ഫ് ചെയ്തു വരികായിരുന്നു.
ചെറു പ്രായത്തില്‍ തന്നെ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് അടിമയായ പ്രകൃതക്കാരനായിരുന്നു ഇയാള്‍. നേരത്തെ അറസ്റ്റിലായ സതീശന്‍ ബിബീഷ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സിഡിയിലേക്ക് കോപ്പി ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബിബീഷ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നുണ്ടെന്ന് സതീശന് നേരത്തെ തന്നെ അറിയാമായിരുന്നു. എന്നാല്‍ ബിബീഷ് തന്റെ സ്റ്റുഡിയോവില്‍ നിന്ന് ജോലി ഒഴിവാക്കി പോയപ്പോള്‍ സതീശന്‍ ചിത്രങ്ങള്‍ പുറത്തെത്തിക്കുകയായിരുന്നു.
സദയം സ്റ്റുഡിയോവില്‍ നിന്ന് ജോലി ഒഴിവാക്കി പോയ ബിബീഷ് സ്വന്തമായി സ്റ്റുഡിയോ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ സാഹചര്യത്തില്‍ സതീശന്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് ബിബീഷ് പറയുന്നത്. പൊലീസിനും ഇക്കാര്യത്തെ കുറിച്ച് വ്യക്തമായ അറിവ് ലഭിച്ചിട്ടുണ്ട്. നാട്ടുകാരായ അഞ്ച് സത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബിബീഷിനെതിരെ ഐ.പി.സി 354 ഡി വകുപ്പും ഐ.ടി ആക്റ്റിലെ 67 എ, 67 ഡി, 66 ഡി എന്നീ വകുപ്പുകളും ചുമത്തിയതായി പൊലീസ് പറഞ്ഞു.
കുറ്റം തെളിയിക്കപ്പെട്ടാല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണിവ. പ്രതിയെ പിടികൂടിയ സി.ഐ മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എ.എസ്.ഐ ഗംഗാധരന്‍, കെ.പി രാജീവന്‍, സി.പി.ഒമാരായ ഷിനു, സിജേഷ്, ഷാജി, പ്രദീപന്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

ഇടുക്കി രാജമുടിയില്‍ റബ്ബര്‍ എസ്റ്റേറ്റില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ബിബീഷിനെ ഇന്നലെ അതിരാവിലെ അഞ്ച് മണിയോടെയാണ് വടകരയില്‍ നിന്നു പോയ പൊലീസ് സംഘം പിടികൂടിയത്. സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും ഇതിനെതിരെ പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തുകയും ചെയ്ത ബിബീഷ് ഒളിവില്‍ പോയത് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സംഭവത്തെ സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പ് പരാതി ലഭിച്ചിട്ടും കേസ് വേണ്ട ഗൗരവത്തിലെടുക്കാത്തതിലും മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിലും വലിയ പ്രതിഷേധം ഉയര്‍ന്നു വന്നപ്പോഴാണ് പൊലീസ് ഉണര്‍ന്നത്.

chandrika: