X

വടകരയില്‍ പി ജയരാജനെതിരെ കെ.കെ രമ മത്സരിക്കും?

കോഴിക്കോട്: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി നാല് സീറ്റുകളില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. വടകര, ആലത്തൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് മത്സരിക്കുന്നത്. ഞായറാഴ്ച്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനമായത്. സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. അതേസമയം, വടകര മണ്ഡലത്തില്‍ ടിപി ചന്ദ്രശേരന്റെ ഭാര്യ കെ.കെ രമ മത്സരിക്കുമെന്നാണ് വിവരം.

ആര്‍.എം.പി -യു.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വടകരയില്‍ നിന്ന് മത്സരിക്കുമെന്ന് വ്യക്തമായതിന് പിന്നാലെയാണ് ആര്‍.എം.പി നാലിടങ്ങളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വടകരയില്‍ കെ.കെ രമയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയായിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും എന്‍.വേണു അറിയിച്ചു. തെരഞ്ഞെടുപ്പ് സഹകരണം സംബന്ധിച്ച് കോണ്‍ഗ്രസുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് ചര്‍ച്ചക്ക് വന്നാല്‍ അക്കാര്യം പരിഗണിക്കുമെന്നും എന്‍.വേണു പറഞ്ഞു.

2009-ല്‍ ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി 21833 വോട്ട് നേടിയിരുന്നു. ടി.പിയുടെ കൊലപാതകത്തിന് ശേഷം നടന്ന 2014 തെരഞ്ഞെടുപ്പില്‍ ആര്‍.എംപ.ി 17229 വോട്ട് നേടി. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രമായി 20504 വോട്ടുകളാണ് കെ.കെ രമ നേടിയത്.

chandrika: