വടകര ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപായി സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ കാഫിർ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട് കേസിൽ ഇത് വരെ നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ വടകര പോലീസ് ഇൻസ്‌പെക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. ഓഗസ്റ്റ് 12ന് മുൻപായി കേസ് ഡയറി ഹാജരാക്കാനാണ് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുള്ളത്. വ്യാജസ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് വടകര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശരിയായ രീതിയിലുള്ള അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എം.എസ്.എഫ് നേതാവ് പി.കെ മുഹമ്മദ് കാസിം നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് കേസ് ഡയറി ഹാജരാക്കാനുള്ള നിർദേശം നൽകിയത്.
താൻ നൽകിയ പരാതിയിൽ കേസെടുക്കാതെ തന്നെ പ്രതിയാക്കി കേസെടുക്കുകയാണ് പോലീസ് ചെയ്തതെന്നും, തൻ്റെ പരാതിയിൽ കേസെടുക്കാതിരുന്നത് സുപ്രീം കോടതിയുടെ അശ്വനി കുമാർ കേസിലെ വിധിയുടെ ലംഘനമാണെന്നും കാസിമിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസിന്റെ അന്വേഷണ പുരോഗതിയെ സംബന്ധിച്ചുള്ള റിപ്പോർട്ട് ഫയൽ ചെയ്യാൻ മെയ് 31ന് ഹൈക്കോടതി വടകര പോലീസിന് നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വടകര പോലീസ് കേസിന്റെ അന്വേഷണ പുരോഗതിയെ സംബന്ധിക്കുന്ന ഒരു റിപ്പോർട്ട് ജൂൺ 10ന് ഹൈക്കോടതിയിൽ ഫയലാക്കുകയും കേസിൽ എം.എസ്.എഫ് നേതാവ് പി.കെ മുഹമ്മദ് കാസിമിനെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളൊന്നുമില്ലെന്ന് പ്രസ്തുത റിപ്പോർട്ടിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാൽ അതിന് ശേഷവും യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിൽ വടകര പോലീസ് അലംഭാവം കാണിക്കുകയാണെന്ന് പി.കെ മുഹമ്മദ് കാസിമിന് വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. വ്യാജ പോസ്റ്റ് ആദ്യമായി പ്രചരിപ്പിച്ച “അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ” എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന്മാരെ സംബന്ധിക്കുന്ന വിവരങ്ങൾ ഫേസ്ബുക്ക് അധികൃതർ കൈമാറി നൽകിയിട്ടും അവരെ കേസിൽ പ്രതി ചേർക്കാതെയും കേസിൽ 153-A ഐ.പി.സി അടക്കമുള്ള വകുപ്പുകൾ ചേർക്കാതെയും അന്വേഷണം തെറ്റായ ഗതിയിൽ നീങ്ങുകയാണെന്ന് പി.കെ മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. ആരാണെന്ന് വ്യക്തമായി വെളിവാകുന്ന നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉണ്ടായിട്ടും ഇത് വരെ അവരിലാരെയും പ്രതിചേർത്തിട്ടില്ല എന്നും കോടതിയെ അറിയിച്ചു. തുടർന്നാണ് കേസ് അന്വേഷണ നാൾവഴികളും മുഴുവൻ രേഖകളും ഉൾക്കൊള്ളുന്ന കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകിയത്. കേസ് വീണ്ടും ഓഗസ്റ് 12ന് ഹൈക്കോടതി പരിഗണിക്കും.