X

വടക്കഞ്ചേരി ബസ് അപകടം; ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി

വടക്കഞ്ചേരിയില്‍ അപകടത്തിന് കാരണമായ ബസ് ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജോമോനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. ബസിന്റെ പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

അമിതവേഗതയും അശ്രദ്ധയുമാണ് അപകടകാരണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. അതേസമയം, അപകടത്തെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന പരിശോധന ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ വൈകീട്ടോടെ തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കവെ കൊല്ലം ചവറയില്‍ നിന്നാണ് ജോമോന്‍ പിടിയിലായത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജോമോന്‍ പോലീസിന്റെ പിടിയിലാകുന്നത്. രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. അപകടശേഷം വടക്കഞ്ചേരിയിലെ ആശുപത്രിയില്‍ നിന്ന് ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു.

ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് വടക്കാഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തിന് സമീപം സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ച് ഒന്‍പത് മരണം സംഭവിച്ചത്. മരിച്ചവരില്‍ അഞ്ചുപേര്‍ വിദ്യാര്‍ഥികളും, ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉള്‍പ്പെടുന്നു.അന്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 7 പേരുടെ നില ഗുരുതരമാണ്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Test User: