X

പിന്നാക്ക വിഭാഗത്തെ വായിക്കാനും ചിന്തിക്കാനും സ്വപ്‌നം കാണാനും പ്രേരിപ്പിച്ചത് ചന്ദ്രിക

പിന്നാക്ക വിഭാഗത്തെ വായിക്കാനും ചിന്തിക്കാനും സ്വപ്‌നം കാണാനും പ്രേരിപ്പിച്ച ചന്ദ്രിക സാമൂഹ്യ മുഖ്യധാരയിലേക്ക് എല്ലാവരെയും കൈപിടിച്ചുയര്‍ത്തിയതായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തലശേരി മുബാറക് സ്‌കൂളില്‍ ചന്ദ്രികയുടെ നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. തലശ്ശേരിയില്‍ ഉദിച്ച നിലാവാണ് ചന്ദ്രിക. 34 ലെ ചക്രവാളത്തില്‍ ഉദിച്ച നിലാവ്, ഇന്നു ആ നിലാവ് നമുക്ക് തണലാണ്. ആ തണല്‍ എന്നുമുണ്ടാവും. പിന്നിട്ട പതിറ്റാണ്ടുകളില്‍ മതേതര കേരളത്തിന്റെ ശബ്ദവും വെളിച്ചവുമാണ് ചന്ദ്രിക. ഇല്ലായ്മയും വല്ലായ്മയും പട്ടിണിയും ഒറ്റപ്പെടലും മാത്രമുള്ള പിന്നാക്കക്കാരന് സ്വപ്‌നമുണ്ടാവുക എന്നത് തന്നെ വലിയ മുതല്‍ക്കൂട്ടാണ്.

ശൂന്യത മാത്രമുണ്ടായിരുന്നപ്പോള്‍ പ്രത്യാശയുടെ വെളിച്ചം പകര്‍ന്നത് ചന്ദ്രികയാണ്. മതേതര, ജനാധിപത്യ കേരളത്തിന്റെ ശബ്ദമായ ഈ പത്രം ഒരു ഘട്ടത്തിലും നിലപാടുകളില്‍ നിന്ന് പിന്നാക്കം പോയിട്ടില്ല. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഘട്ടത്തില്‍ പോലും മതേതരത്വത്തിനോ ജനാധിപത്യത്തിനോ പോറലേല്‍ക്കുന്ന ഒരു വരിപോലും ചന്ദ്രികയില്‍ അച്ചടിച്ചു വന്നില്ല എന്നത് അഭിമാനപൂര്‍വം പറയാനാവും. ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനം ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ പ്രതിരോധം തീര്‍ത്തതും ഈ പത്രമാണ്. സമുദായത്തിന്റെ എല്ലാ മേഖലയിലുള്ള പുരോഗതിയിലും വളര്‍ച്ചയിലും വലിയ പങ്കാണ് ചന്ദ്രിക വഹിച്ചതെന്ന് തങ്ങള്‍ പറഞ്ഞു.

 

Chandrika Web: