കോവിഡിനെതിരെയുള്ള പ്രതിരോധ മരുന്ന് കുത്തിവയ്പ്പ് നിരവധി രാജ്യങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിന് പേര്‍ വാക്‌സീന്റെ ഇരു ഡോസുകളും എടുത്ത് കഴിഞ്ഞു. നിരവധി പേര്‍ ഒരു ഡോസിന് ശേഷം അടുത്ത ഡോസിനായി കാത്തിരിക്കുന്നു. കോവിഡ് വാക്‌സീനോടുള്ള ശരീരത്തിന്റെ പ്രതിരോധത്തിന്റെ ഭാഗമായി പലരിലും പൊതുവായി കാണപ്പെട്ട ഒരു പാര്‍ശ്വഫലമാണ് കുത്തിവയ്പ്പ് എടുത്ത സ്ഥലത്തെ വേദന.
സാധാരണ സഹിക്കാന്‍ പറ്റാത്ത വേദന വരുമ്പോള്‍ പലരും വേദനസംഹാരി ഉപയോഗിക്കാറുണ്ട്. എന്നാല്‍ കോവിഡിന്റെ വാക്‌സീന്‍ എടുത്ത ശേഷം ഉടനെ വേദന സംഹാരി കഴിക്കുന്നത് വാക്‌സീന്റെ ഫലപ്രാപ്തിയെ ബാധിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചില വേദനസംഹാരി ഗുളികകളും പ്രോഫിലാക്ടിക് അനാല്‍ജെസിക്‌സും ശരീരത്തിലെ ആന്റിബോഡി പ്രതികരണം കുറയ്ക്കാമെന്നും ഇത് വാക്‌സീന്റെ ശരീരത്തിലെ പ്രതിപ്രവര്‍ത്തനത്തിന് നന്നാകില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചു.
വാക്‌സീന്റെ പാര്‍ശ്വഫലങ്ങള്‍ സാധാരണ ഗതിയില്‍ കുത്തിവയ്‌പ്പെടുത്ത് 23 ദിവസത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. ചെറിയ പനി, പേശീ വേദന, തലകറക്കം, തലവേദന, കുളിര്, ശരീര വേദന തുടങ്ങിയവയാണ് കുത്തിവയ്‌പ്പെടുത്ത സ്ഥലത്തെ വേദന കൂടാതെ വാക്‌സീന്‍ എടുത്തവര്‍ക്ക് വരാവുന്ന പാര്‍ശ്വഫലങ്ങള്‍. ഒന്നുകില്‍ ഇത്ര ദിവസം കാത്തിരിക്കുകയോ അല്ലെങ്കില്‍ വേദന കുറയ്ക്കാന്‍ മരുന്നല്ലാത്ത മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കുകയോ ആണ് കുത്തിവയ്പ്പ് എടുത്തവര്‍ക്ക് മുന്നിലുള്ള പരിഹാരം. പനിയാണെങ്കില്‍ നനഞ്ഞ തുണിയോ മറ്റോ നനച്ചിട്ട് അത് നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രമിക്കാം. ചിറ്റമൃത് ജ്യൂസ് പോലുള്ള പൊടിക്കൈകളും പരീക്ഷിക്കാം. പേശീ വേദന, ശരീരവേദന, ക്ഷീണം തുടങ്ങിയവയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ആവശ്യത്തിന് വിശ്രമം സഹായിക്കും. ധാരാളമായി പാനീയങ്ങള്‍ കുടിക്കുന്നതും സമ്മര്‍ദമകറ്റാന്‍ സഹായിക്കും. വ്യായാമം, കൈകള്‍ ചലിപ്പിക്കല്‍, കുത്തിവയ്പ്പ് മൂലം വീര്‍ത്ത ഭാഗം തണുപ്പിക്കുക തുടങ്ങിയവയും സഹായകമാകും. ഇവ കൊണ്ടൊന്നും വേദനയും പാര്‍ശ്വഫലങ്ങളും തടയാനായില്ലെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്ന് കഴിക്കാവുന്നതുമാണ്.