X

രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന; വാക്‌സിന്‍ വിതരണത്തില്‍ പുതിയ നിര്‍ദേശവുമായി കേന്ദ്രം

ഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ രണ്ടാം ഡോസ് എടുക്കാനുള്ളവര്‍ക്കു മുന്‍ഗണന നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം. കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന വാക്‌സിനില്‍ എഴുപതു ശതമാനവും രണ്ടാം ഡോസുകാര്‍ക്കായി മാറ്റിവയ്ക്കാന്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.

വാക്‌സിന്‍ പാഴാക്കുന്നതു പരമാവധി കുറയ്ക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസുകാര്‍ക്ക് കൃത്യസമയത്ത് വാക്‌സിന്‍ കൊടുക്കുക എന്നതു പ്രധാനമാണെന്ന്, സംസ്ഥാന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യമന്ത്രലയം വ്യക്തമാക്കി. അതിനായി കേന്ദ്രത്തില്‍നിന്നു കിട്ടുന്നതില്‍ എഴുപതു ശതമാനമെങ്കിലും മാറ്റിവയ്ക്കണം. ശേഷിക്കുന്നതു മാത്രമേ ഒന്നാം ഡോസ് സ്വീകരിക്കുന്നവര്‍ക്കു നല്‍കാവൂ. എഴുപതു ശതമാനം എന്നത് നൂറു ശതമാനം വരെയാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രം അറിയിച്ചു.

ഓരോ സംസ്ഥാനത്തിനും അടുത്ത രണ്ടാഴ്ചത്തേക്കുള്ള വാക്‌സിന്‍ വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കും. ഇതനുസരിച്ച് സംസ്ഥാനങ്ങള്‍ക്കു ബുക്കിങ് നടത്താനാവും. മെയ് 15 മുതല്‍ 31 വരെയുള്ള വാക്‌സിന്‍ വിതരണ വിവരങ്ങള്‍ 14ന് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു.

 

Test User: