X
    Categories: indiaNews

ജനുവരിയില്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം തുടങ്ങും; ഒക്ടോബര്‍ മാസത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കും!

ഡല്‍ഹി: 2021 ജനുവരി മാസം മുതല്‍ രാജ്യത്ത് കൊവിഡ് മഹാമാരിക്കെതിരായ വാക്‌സിന്‍ കുത്തിവയ്പ്പ് നടത്താന്‍ സാധിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാല അറിയിച്ചു. ഡിസംബര്‍ അവസാനത്തോടെ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനിയുള്ളത്.

ഇതുവഴി അടുത്ത ഒക്ടോബര്‍ മാസത്തിനുള്ളില്‍ വാക്‌സിന്‍ എല്ലാവരിലേക്കും എത്തുമെന്നും അതിലൂടെ ജീവിതം പഴയപടിയാകുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദ ഇക്കണോമിക് ടൈംസ് ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ മാസാവസാനത്തോടെ, ഞങ്ങള്‍ക്ക് കോവിഡ് വാക്‌സിനായി ഒരു അടിയന്തര ലൈസന്‍സ് ലഭിച്ചേക്കാം, പക്ഷേ വലിയതോതിലുള്ള ഉപയോഗത്തിനുള്ള യഥാര്‍ത്ഥ ലൈസന്‍സ് പിന്നീടുള്ള തീയതിയില്‍ വന്നേക്കാം. എന്നാല്‍, റെഗുലേറ്റര്‍മാര്‍ അനുമതി നല്‍കിയാല്‍ ഇന്ത്യയുടെ വാക്‌സിനേഷന്‍ ഡ്രൈവ് 2021 ജനുവരിയില്‍ ആരംഭിക്കാന്‍ കഴിയും, ‘അദര്‍ പൂനവല്ല പറഞ്ഞു.

രാജ്യത്തെ 20 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ ലഭിച്ചു കഴിഞ്ഞാല്‍ ആത്മ വിശ്വാസവും താത്പര്യവും തിരികെ വരുന്നതായി കാണുവാന്‍ സാധിക്കും. അടുത്ത വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ വരെ എല്ലാവര്‍ക്കും വേണ്ടത്ര വാക്‌സിനുകള്‍ ലഭിക്കുമെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാമെന്നും സെറം മേധാവി പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ഒരു വിദഗ്ദ്ധ സമിതി, സെറം, ഭാരത് ബയോടെക് എന്നിവയുടെ കൊറോണ വൈറസ് വാക്‌സിന്‍ അപേക്ഷകളില്‍ കൂടുതല്‍ സുരക്ഷയും കാര്യക്ഷമതയും സംബന്ധിച്ച വിവരങ്ങള്‍ തേടിയിട്ടുണ്ട്.

 

Test User: