ഡല്‍ഹി: കോവിഡിനെതിരെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്‌സിനും തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനും 110 ശതമാനവും സുരക്ഷിതമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍. നേരിയ പനി, വേദന, അലര്‍ജി എന്നിങ്ങനെ ചുരുക്കം ചില പാര്‍ശ്വഫലങ്ങള്‍ കണ്ടു എന്നുവരാം. ഇത് എല്ലാ വാക്‌സിനുകളിലും സംഭവിക്കുന്നതാണെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ വി ജി സോമനി മാധ്യമങ്ങളോട് പറഞ്ഞു.
സുരക്ഷയില്‍ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ല. സുരക്ഷയില്‍ നേരിയ കുഴപ്പങ്ങള്‍ കണ്ടെത്തിയാലും വാക്‌സിന് അനുമതി നല്‍കില്ല. ഇവിടെ രണ്ടു വാക്‌സിനുകളും നൂറ് ശതമാനവും സുരക്ഷിതമാണ്. പാര്‍ശ്വഫലമായി പനി, വേദന, അലര്‍ജി തുടങ്ങിയവ കണ്ടുവരുന്നത് എല്ലാ വാക്‌സിനുകളിലും സാധാരണമാണ്. വാക്‌സിന്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ വന്ധ്യത സംഭവിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഡ്രഗ്‌സ് കണ്‍ട്രോളറാണ് ഇരുവാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. ഇരു വാക്‌സിനുകളും ഫലപ്രദമെന്ന് പറഞ്ഞ ഡ്രഗസ് കണ്‍ട്രോളര്‍ ഉപാധികളോടെയാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. കഴിഞ്ഞദിവസമാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡിനും അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതി അനുമതി നല്‍കിയത്.
ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനാണ് കോവാക്‌സിന്‍. 10 മില്യണ്‍ ഡോസുകള്‍ ഇതിനകം കോവാക്‌സിന്റേത് തയ്യാറായിക്കഴിഞ്ഞു. വര്‍ഷം 300 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ഉല്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതില്‍ ആദ്യ 100 മില്യണ്‍ ഇന്ത്യയില്‍ തന്നെ വിതരണം ചെയ്യും.
ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയുമായി സഹകരിച്ചുകൊണ്ടാണ് പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വികസിപ്പിച്ചത്. കോവിഷീല്‍ഡിന്റെ അഞ്ച് കോടി ഡോസ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.