X

കൗമാരക്കാര്‍ക്ക് വാക്‌സിനേഷന്‍ ഇന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൗമാരക്കാരുടെ വാക്‌സിനേഷന്‍ ഇന്ന് ആരംഭിക്കും. കുട്ടികളുടെ വാക്‌സിനേഷനില്‍ ആദ്യഘട്ടമായി 15 മുതല്‍ 18 വയസുവരെയുള്ളവരുടെ വാക്‌സിനേഷനാണ് ഇന്ന് ആരംഭിക്കുന്നത്. വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ആരംഭിച്ചിരുന്നു. നിലവില്‍ അമ്പത് ലക്ഷത്തോളം ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ടെങ്കിലും കുട്ടികള്‍ക്കായി അഞ്ചുലക്ഷം ഡോസ് കൊവാക്‌സിന്‍ കൂടി കേരളത്തിലെത്തിക്കുന്നതിനായി നടപടികള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

കൊവിന്‍ പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍ ആരഭിച്ചത്. കൗമാരക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയിലെ 12 ലക്ഷത്തോളം കുട്ടികള്‍ ഉള്‍പെടെ 15.4 ലക്ഷം കുട്ടികളാണ് സംസ്ഥാനത്തുള്ളത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക് വിദ്യാര്‍ഥികളും ഇതില്‍ ഉള്‍പെടുന്നു. എല്ലാ ദിവസവും വാക്‌സിന്‍ എടുത്ത കുട്ടികളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കും. ഇതിനായി സി.ബി.എസ്.ഇ അടക്കമുള്ള മറ്റ് സ്ട്രീമുകളുടെ യോഗം വിദ്യാഭ്യാസ വകുപ്പ് വിളിച്ചുചേര്‍ക്കുന്നുണ്ട്. എല്ലാ കുട്ടികളും വാക്‌സിന്‍ എടുത്തെന്ന് ഉറപ്പുവരുത്തും.

രക്ഷിതാക്കള്‍ക്കൊപ്പവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെയും നേരിട്ടെത്തിയും വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനെടുക്കാം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൗമാരക്കാരുടെ കേന്ദ്രം പെട്ടെന്ന് തിരിച്ചറിയാന്‍ കവാടത്തില്‍ പിങ്ക് നിറത്തിലും മുതിര്‍ന്നവരുടെ കേന്ദ്രങ്ങളില്‍ നീല നിറത്തിലും ബോര്‍ഡുകള്‍ സ്ഥാപിക്കും. ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളില്‍ നിന്നും മുഴുവന്‍ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ സൗകര്യങ്ങളൊരുക്കും. കൗമാരക്കാരായ വിദ്യാര്‍ഥികളെ വാക്‌സിന്‍ എടുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും ജനറല്‍, ജില്ലാ, താലൂക്ക്, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളിലാണ് കുട്ടികള്‍ക്കുള്ള വാക്‌സീനേഷന്‍ സൗകര്യമൊരുക്കുന്നത്.

 

 

Test User: