ന്യൂഡല്‍ഹി: ജഡ്ജിമാരുടെ ഒഴിവുകളിലേക്ക് നിയമിക്കേണ്ടവരുടെ പട്ടിക ഉടന്‍ കൈമാറാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിര്‍ദേശിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരുടെ മുപ്പത്തിയൊമ്പതാമത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 126 പേരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ അമ്പതോളം പേരെ കൂടി ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. എല്ലാവരുടെയും സഹകരണം കാരണമാണ് കൂടുതല്‍ ജഡ്ജി നിയമനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സാധിച്ചതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. യോഗത്തില്‍ സുപ്രീം കോടതി കൊളീജിയത്തിലെ മുതിര്‍ന്ന അംഗങ്ങളായ യു.യു ലളിത്, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.