ഐഎച്ച്ആര്‍ഡി ഡയറക്ടറായി നിയമിക്കാനുള്ള യോഗ്യത വി.എ അരുണ്‍ കുമാറിനില്ലെന്ന് എഐസിടിഇ. ഇക്കാര്യം വ്യക്തമാക്കി എഐസിടിഇ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകനാണ് അരുണ്‍ കുമാര്‍. നേരത്തെ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടറാക്കാന്‍ യോഗ്യതകളില്‍ ഇളവ് വരുത്തിയതായുള്ള ആക്ഷേപം ഉയര്‍ന്നിരുന്നു.
അതേസമയം അരുണ്‍കുമാറിന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുള്ള യോഗ്യതയില്ലെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും 15 വര്‍ഷത്തെ അധ്യാപന പരിചയവും പിഎച്ച്ഡി ഗൈഡ്ഷിപ്പും രണ്ട് പേരെ ഗൈഡ് ചെയ്ത പരിചയവുമുള്ളവര്‍ക്ക് മാത്രമാണ് എഐസിടിഇയുടെ വ്യവസ്ഥ പ്രകാരം ഐഎച്ച്ആര്‍ഡി ഡയറക്ടറാകാന്‍ കഴിയൂ. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ ഭേദഗതി വരുത്തുകയായിരുന്നു.
വി.എ അരുണ്‍ കുമാറിനെ കൂടാതെ അഞ്ച് പേരാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്. എന്നാല്‍ ബാക്കിയെല്ലാവരും ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള വിവിധ എഞ്ചിനീയറിങ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരായും സീനിയര്‍ പ്രൊഫസര്‍മാരായും സേവനമനുഷ്ഠിച്ചിട്ടവരാണ്.