പാലക്കാട്; മക്കളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ത്ത് എം.ബി രാജേഷ് എം.പിയും, വി.ടി ബല്‍റാം എം.എല്‍.എയും മാതൃകയായി.പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തതെന്ന് വി.ടി ബല്‍റാം എം.എല്‍.എയും എം.ബി രാജേഷ് എം.പിയും പറഞ്ഞു. ജനപ്രതിനിധികള്‍ തങ്ങളുടെ മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ തയ്യാറാകണമെന്ന് ബല്‍റാം പറഞ്ഞു. തൃത്താലയിലെ വീടിനടുത്തുള്ള അരിക്കാട് ഗവ എല്‍.പി സ്‌കൂളിലാണ് മകന്‍ അദൈ്വത് മാനവിനെ ബല്‍റാം ചേര്‍ത്തത്. കഴിഞ്ഞ തവണ പ്രവേശനോത്സവത്തില്‍ അതിഥിയായാണ് താന്‍ പങ്കെടുത്തതെന്ന് പറഞ്ഞ ബല്‍റാം ഇത്തവണ തന്റെ മകനെ ചേര്‍ക്കാന്‍ രക്ഷിതാവായാണ് എത്തിയിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
തന്റെ രണ്ടാമത്തെ മകള്‍ പ്രിയദത്തയെ പാലക്കാട് ഈസ്റ്റ് യാക്കര എല്‍.പി സ്‌കൂളില്‍ ഒന്നാം ക്ലാസിലും മൂത്തമകള്‍ നിരഞ്ജനയെ ഗവ മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലും ചേര്‍ത്തെന്ന് രാജേഷ് എം.പി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പൊതുവിദ്യാലയങ്ങളുടെ മികവിലുള്ള വിശ്വാസവും സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തെ നവീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലുള്ള പ്രതീക്ഷയും മക്കളെ പൊതുവിദ്യാലയത്തില്‍ പഠിപ്പിക്കാന്‍ പ്രേരണയായ ഘടകങ്ങളാണ്. ഒപ്പം വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്ന കാലം മുതല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് നടത്തിയ പ്രക്ഷോഭങ്ങളും അതിനേറ്റു വാങ്ങേണ്ടി വന്ന പോലീസ് മര്‍ദ്ദനത്തിന്റെയും ജയില്‍വാസത്തിന്റെയും ഓര്‍മ്മകളും അനുഭവങ്ങളും മക്കളെ പൊതുവിദ്യാലയത്തില്‍ തന്നെ പഠിപ്പിക്കണമെന്ന നിര്‍ബന്ധത്തിന് പിന്നിലുണ്ടെന്നും എം.പി പോസ്റ്റില്‍ പറയുന്നു.