മുന്നാക്ക സംവരണത്തെ സ്വാഗതം ചെയ്ത സി.പി.എമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട് തള്ളി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍. സവര്‍ണ വോട്ടുകള്‍ പരമാവധി സ്വരൂപിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ബി.ജെ.പി സംവരണം പ്രഖ്യാപിച്ചതെന്നും സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ജനാധിപത്യ അവകാശമാണ് സംവരണമെന്നും ഇതില്‍ രാജ്യവ്യാപകമായ ചര്‍ച്ച നടന്ന ശേഷമേ തീരുമാനം എടുക്കാവൂ എന്നും വി.എസ് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സംവരണത്തിനെതിരെ രാജ്യവ്യാപകമായി ചര്‍ച്ച ചെയ്ത ശേഷമേ, മുന്നാക്കക്കാരായി വിളിക്കപ്പെടുന്ന വിഭാഗങ്ങളിലെ സാമൂഹ്യ പിന്നാക്കാവസ്ഥയുള്ളവരുടെ സംവരണ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന നിലപാട് പ്രസ്താവനയിലൂടെയാണ് വി.എസ് വ്യക്തമാക്കിയത്.
‘ഹീനമായ കുലത്തൊഴിലുകളും തൊട്ടുകൂടായ്മയും മൂലം, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും അപ്രാപ്യമാവുന്ന സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ഒരു ജനാധിപത്യ അവകാശമായാണ് സംവരണത്തെ കാണേണ്ടത്. ഈ കാരണം കൊണ്ടു തന്നെ, സാമൂഹ്യനീതി നേടിയെടുക്കാനുള്ള ഉയര്‍ന്ന ലക്ഷ്യത്തെ, വ്യാപകവും സമഗ്രവുമായി ആശയരൂപീകരണം നടത്തിക്കൊണ്ടാണ് നേടിയെടുക്കേണ്ടത്.’ വിഎസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
എന്നാല്‍, ഇതൊന്നും ചെയ്യാതെ, സവര്‍ണ വോട്ടുകള്‍ പരമാവധി സ്വരൂപിക്കുക എന്ന ഏക ലക്ഷ്യവുമായി ബി.ജെ.പി മുന്നോട്ടുവെയ്ക്കുന്ന ആശയമാണ്, മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം എന്നത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍, സംവരണം എന്ന ആശയത്തിന്റെ സത്ത ചോര്‍ത്തിക്കളയുന്ന തീരുമാനമാണ് ബി.ജെ.പി മന്ത്രിസഭ കൈക്കൊണ്ടിട്ടുള്ളതെന്നും വി.എസ് പറഞ്ഞു.
മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും നിലപാട് തള്ളിയാണ് മുതിര്‍ന്ന നേതാവായ വി.എസ് രംഗത്തുവന്നിരിക്കുന്നത്.
മുന്നോക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധവും സംവരണമെന്ന അടിസ്ഥാന തത്വത്തിന്റെ ലംഘനവുമാണെന്ന് മുസ്ലിംലീഗ് വ്യക്തമാക്കിയിരുന്നു.