X

ഉമ്മന്‍ചാണ്ടിയെ പ്രതിരോധിക്കാനെത്തിയ വി മുരളീധരന്‍ മറുപടിയില്ലാതെ മുങ്ങി

കോഴിക്കോട്: കേന്ദ്രം കരിമ്പട്ടികയില്‍പെടുത്തിയ ‘ഡി ലാ റ്യൂ’ എന്ന ബ്രീട്ടീഷ് കമ്പനിയെ പ്ലാസ്റ്റിക് കറന്‍സി അടിക്കാനുള്ള കമ്പനികളുടെ ചുരുക്കപ്പട്ടികയില്‍പെടുത്തിയ സംഭവത്തെ തുറന്നു കാണിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനത്തെ പ്രതിരോധിക്കാനെത്തി ബി.ജെ.പി ദേശീയനിര്‍വ്വാഹകസമിതിയംഗം വി മുരളീധരന്‍ സ്വയം പരിഹാസ്യനായി. ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തിന് മറുപടിയെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ പരുങ്ങിയ മുരളീധരന്‍ ഗൂഗിളില്‍ നോക്കിയാല്‍ നിങ്ങള്‍ക്കും ലഭിക്കുമെന്നായിരുന്നു പറഞ്ഞത്.

ഉമ്മന്‍ചാണ്ടിക്കുള്ള മറുപടി ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ മറുപടിയെന്തെന്ന് വീണ്ടും മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചതോടെ വെട്ടിലായ മുരളീധരന്‍ മൊബൈല്‍ ഇന്റര്‍നെറ്റില്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് നല്‍കിയ മറുപടിയാകട്ടെ ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്ന വാര്‍ത്ത മാത്രമായിരുന്നു. ‘ഡി ലാ റ്യൂ’ എന്ന കമ്പനിയെപ്പറ്റിയോ കരിമ്പട്ടികയില്‍ പെടുത്തിയ സംഭവത്തെക്കുറിച്ചോ വ്യക്തമായി അറിവില്ലാതെയായിരുന്നു ബി.ജെ.പി നേതാവിന്റെ മറുപടി.

ആം ആദ്മി പാര്‍ട്ടി ഡല്‍ഹി കണ്‍വീനര്‍ ഡിസംബര്‍ 9 ന് ഉന്നയിച്ച ആരോപണത്തിന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മറുപടി നല്‍കിയെന്നും പ്രസ്തുത ആരോപണം ആവര്‍ത്തിക്കുന്ന ഉമ്മന്‍ചാണ്ടി നരേന്ദ്രമോദിക്കെതിരെ നനഞ്ഞ ഏറുപടക്കം എറിഞ്ഞ് പരിഹാസ്യനാവുകയാണെന്നുമായിരുന്നു വി മുരളീധരന്റെ അഭിപ്രായം.

കേന്ദ്രം കരിമ്പട്ടികയില്‍പെടുത്തിയ ഡി ലാ റ്യു എന്ന ബ്രീട്ടീഷ് കമ്പനി മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ പങ്കാളിയാണെന്നും വിദേശത്ത് കറന്‍സി അടിക്കരുതെന്ന പി.യു.സി നിര്‍ദേശം മറികടന്നാണ് കമ്പനിയെ പത്ത് രൂപയുടെ പ്ലാസ്റ്റിക് കറന്‍സി അച്ചടിക്കുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും രേഖകള്‍ സഹിതം ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചിരുന്നു. എന്നാല്‍ പ്രസ്തുത കമ്പനിയുടെ പേര് പോലും പറയാനാവാതെയും, കേന്ദ്രം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് വിശദീകരണം നല്‍കാനാവാതെയും മുരളീധരന്‍ പരുങ്ങുകയായിരുന്നു.

എം.ടി വാസുദേവന്‍ നായര്‍ക്കെതിരായ ബി.ജെ.പി നീക്കത്തിലും, ദേശീയഗാനത്തിനെതിരായ കെ.പി ശശികല ടീച്ചറുടെ ആരോപണത്തിലും സമാന പ്രതികരണമാണ് വി മുരളീധരന്റെ ഭാഗത്ത് നിന്നുണ്ടായത്. എം.ടിക്ക് അഭിപ്രായപ്രകടനത്തിന് അവകാശമുണ്ടെന്ന് പറഞ്ഞ മുരളീധരന്‍ എം.ടിയുടെ സാഹിത്യവും നിലപാടുകളും വിമര്‍ശനത്തിനതീതമല്ലെന്നും അഭിപ്രായപ്പെട്ടു. ദേശീയഗാനത്തില്‍ ദേശീയത പറയുന്നില്ലെന്ന കെ.പി ശശികലയുടെ പരാമര്‍ശം സംബന്ധിച്ച ചോദ്യത്തിന് ‘വിഷയം പഠിച്ചിട്ട് പറയാം’ എന്നായിരുന്നു മറുപടി.

സംവിധായകന്‍ കമല്‍ എം.ടിയോടുള്ള സ്‌നേഹം കൊണ്ടല്ല ബി.ജെ.പി ക്ക് എം.ടിയോട് പകയുണ്ടെന്ന് വിമര്‍ശിക്കുന്നതെന്നും, ദേശീയഗാനവുമായി ബന്ധപ്പെട്ട വിവാദത്തിലേറ്റ പരിക്കില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് എഴുതാപ്പുറം വായിക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പി രഘുനാഥ്, ബി.കെ പ്രേമന്‍ എന്നിവര്‍ സംബന്ധിച്ചു.

chandrika: