ഒരുപാടുപേരുടെ ആത്മഹത്യകള്‍ നടക്കാന്‍ സാധ്യതയുള്ളതാണ് ബ്രഹ്മഗിരി സൊസൈറ്റി ഇടപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സി.പി.എം നേതാക്കള്‍ 200 മുതല്‍ 400 കോടി രൂപയോളം തട്ടിയെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരുടെ വീടുകളില്‍ പോയി 400 കോടിയുടെ ബാധ്യത സി.പി.എം ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിക്കുകയാണ് എം.വി. ഗോവിന്ദന്‍ ആദ്യം ചെയ്യേണ്ടത്. എത്ര പേരാണ് പെന്‍ഷന്‍ കിട്ടിയ പണം സൊസൈറ്റിയില്‍ നല്‍കിയത്. അവരുടെയൊക്കെ കാര്യം എം.വി ഗോവിന്ദന്‍ ആദ്യം അന്വേഷിക്കട്ടെ. 400 കോടിയാണ് സി.പി.എം നേതാക്കള്‍ അടിച്ചു മാറ്റിയത്.
എന്നിട്ടാണ് സംസ്ഥാന സെക്രട്ടറി നാണമില്ലാതെ എന്‍.എം വിജയന്റെ ബാധ്യത ഏറ്റെടുക്കുമെന്നു പറയുന്നത്. പൊലീസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എമ്മിനെ പോലെ ഞങ്ങള്‍ പറഞ്ഞിട്ടില്ല. ആരെയും പ്രതിരോധിച്ചിട്ടുമില്ല. വസ്തുതകള്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് പാര്‍ട്ടി അന്വേഷണം നടത്തുന്നത്.
നിയമനങ്ങള്‍ സംബന്ധിച്ച് എവിടെയെങ്കിലും പരാതി ഉണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും. നിയമനത്തിന്റെ പേരില്‍ അഴിമതി നടത്താന്‍ പാടില്ല. അതിനു വേണ്ടി പ്രോട്ടോകോള്‍ ഉണ്ടാക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.