ബെയ്ജിങ്: ഉയിഗുര്‍ മുസ്‌ലിംകളെ മുഖം നോക്കി തിരിച്ചറിയുന്ന സോഫ്റ്റ്‌വെയറുമായി ചൈനീസ് ടെലികോം ഭീമന്‍ വാവെ. മുഖം സ്‌കാന്‍ ചെയ്ത് വ്യക്തിയുടെ പ്രായവും മറ്റു വിവരങ്ങളും അധികൃതരെ ഉടന്‍ അറിയിക്കുകയാണ് ഈ സോഫ്റ്റ്‌വെയര്‍ ചെയ്യുക. നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇതിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
മുഖം തിരിച്ചറിയുന്ന മെഗ്‌വി എന്ന സ്റ്റാര്‍ട്ടപ്പുമായി സഹകരിച്ചാണ് കമ്പനി ഉയിഗുറുകളെ കുറിച്ച് സര്‍ക്കാരിന് വിവരം കൈമാറുക. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വാവെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ പരീക്ഷണം വാവെ സ്ഥിരീകരിച്ചിട്ടുണ്ട്. ഉയിഗുറുകളെ നിരീക്ഷിക്കാന്‍ നിലവില്‍ ചൈനീസ് സര്‍ക്കാര്‍ ഹൈടെക് നിരീക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഉയിഗുര്‍ ഭൂരിപക്ഷ മേഖലയായ ഷിന്‍ജിയാങ്ങില്‍ ആയിരക്കണക്കിന് ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ഒരു കോടിയിലധികം വരുന്ന ഉയിഗുര്‍ മുസ്‌ലിംകളില്‍ പത്തു ലക്ഷത്തിലേറെ പേരാണ് ഷിന്‍ജിയാങ്ങിലെ പീഡന കേന്ദ്രങ്ങളില്‍ കഴിയുന്നത്. അവരെ ബലാത്സംഗത്തിനും വൈദ്യശാസ്ത്ര പരീക്ഷണങ്ങള്‍ക്കും വന്ധ്യതക്കും വിധേയമാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ചൈനീസ് കമ്പനിയായ മെഗ്‌വി ഉയിഗുറുകളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് സഹായം ചെയ്യുന്നതിനാല്‍ ഇതിനെതിരെ യുഎസ് 2019ല്‍ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ചാം തലമുറയിലെ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് വികസിപ്പിക്കാനും നടപ്പാക്കാനുമായി ചൈന അടുത്ത ആറു വര്‍ഷത്തിനിടെ 1.4 ലക്ഷം കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. എഐ സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കാനും ക്യാമറകള്‍ സ്ഥാപിക്കാനുമാണിത്.