X
    Categories: indiaNews

കര്‍ണാടകയിലും മല്‍സരിക്കാന്‍ ഉവൈസി

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം. ഐ. എം. നിര്‍ണായക തിരഞ്ഞെടുപ്പുകളിലെല്ലാം മതേതര- ന്യൂനപക്ഷ വോട്ടു ബാങ്കില്‍ വിള്ളല്‍ വീഴ്ത്തി കോണ്‍ഗ്രസിനും ബി.ജെ.പി വിരുദ്ധ കക്ഷികള്‍ക്കും ‘പണി’കൊടുക്കുന്ന ഉവൈസി കര്‍ണാടകയിലേക്ക് വണ്ടി കയറുന്നതും ഇതേ ലക്ഷ്യത്തോടെയാണെന്ന ആക്ഷേപം ശക്തമാണ്.

നാലു മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ഇതിനകം തന്നെ എ.ഐ.എം.ഐ.എം പ്രഖ്യാപിച്ചിട്ടുണ്ട്. ബെല്‍ഗാവി നോര്‍ത്ത്, ഹുബ്ബള്ളി, ദര്‍വാദ് ഈസ്റ്റ്, വിജയ്പുര ജില്ലയിലെ ബാസവന ബഗവാഡി എന്നീ സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്. ഇതിനു പുറമെ 20 സീറ്റുകളില്‍കൂടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തമെന്നാണ് പ്രഖ്യാപനം. കര്‍ണാടകയില്‍ അധികാരം തിരിച്ചുപിടിക്കാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളാണ് പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെയും പ്രതിപക്ഷ നേതാവ് സിദ്ദാ രാമയ്യയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത്.

ബാസവരാജ് ബൊമ്മെ സര്‍ക്കാറിന്റെ അഴിമതിയില്‍ മുങ്ങിയ ഭരണം തുറന്നു കാട്ടാന്‍ കോണ്‍ഗ്രസ് തുടക്കമിട്ട പേ സി.എം ക്യാമ്പയിന്‍ വലിയ ചലനമുണ്ടാക്കിയിരുന്നു. മാത്രമല്ല ബി.ജെ.പിയില്‍ നിന്നുള്ള നേതാക്കളുടെ കൂട്ട രാജിയും കോണ്‍ഗ്രസിലേക്കുള്ള ഒഴുക്കും സംസ്ഥാന രാഷ്ട്രീയത്തിലെ ആസന്നമായ അടിയൊഴുക്കായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഉവൈസിയുടെ സംഘം വരുന്നതോടെ പരമ്പരാഗത വോട്ടു ബാങ്കില്‍ വിള്ളല്‍ വീഴുമോ എന്ന ആശങ്ക കോണ്‍ഗ്രസ് പക്ഷത്ത് സജീവമാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.എം. ഐ.എം മത്സരിച്ചിരുന്നില്ല. ദേവഗൗഡയുടെ പാര്‍ട്ടിയായ ജെ.ഡി.എസിന് പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തിരുന്നത്.

webdesk11: