X

യു.പിയില്‍ നിന്നു വീശുന്ന വിഷക്കാറ്റ്

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷം ഉത്തര്‍പ്രദേശില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഉത്തരംകിട്ടാത്ത ചോദ്യങ്ങളിലേക്ക് അത്യന്തം ഭീതിയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. ജനാധിപത്യ വ്യവസ്ഥയുടെ വൈവിധ്യ സൗന്ദര്യത്തെ പിച്ചിച്ചീന്തി, ഉത്തര്‍പ്രദേശിനെ മതാന്ധതയുടെ മൂടുപടമണിയിക്കാനുള്ള പടപ്പുറപ്പാടിലാണ് മോദി ഭക്തനായ യോഗി. അധികാരക്കസേരയിലിരുന്ന് അശാന്തി വിതക്കും വിധമുള്ള പ്രസ്താവനകളിലൂടെ രാജ്യത്തിന്റെ ആപത്കരമായ ഭാവി അടയാളപ്പെടുന്നത് അത്ര നിസാരമായി കണ്ടുകൂടാ. എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതിനു പകരം ബി.ജെ.പി-സംഘ്പരിവാര്‍ അജണ്ട നടപ്പാക്കുകയെന്ന ഒറ്റ ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ചാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകളത്രയും. യു.പിയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് വിജയം നേടിയതിനു പിറ്റേദിവസം ബറേലി ജിയാനഗ്‌ല ഗ്രാമത്തില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ‘മുസ്്‌ലിംകള്‍ ഗ്രാമം വിട്ടുപോകണം’ എന്നതായിരുന്നു പോസ്റ്ററുകളിലെ പ്രമേയം. മുഖ്യമന്ത്രിപദം ഏറ്റെടുത്ത് കൃത്യം പത്തുദിവസത്തിനകം ഇതു ദേശീയ വികാരമാക്കി ഉയര്‍ത്തിക്കൊണ്ടുവരുന്നതായിരുന്നു കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിന്റെ പ്രസ്താവന. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും നിയമത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് യു.പി വിട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞതിന്റെ പൊരുള്‍ ഇത് വ്യക്തമാക്കുന്നു.

യോഗി ആദിത്യനാഥ് അധികാരത്തിലേറിയ രണ്ടാം ദിനമാണ് യു.പിയിലെ ഹത്രാസ് ജില്ലയില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ സംഘ്പരിവാര്‍ അറവുശാലകള്‍ അഗ്നിക്കിരയാക്കിയത്. അധികാരത്തിലെത്തിയാല്‍ അറവുശാലകള്‍ അടച്ചുപൂട്ടുമെന്ന ബി.ജെ.പിയുടെ പ്രഖ്യാപനത്തെ രണ്ടുദിനംകൊണ്ട് യാഥാര്‍ഥ്യമാക്കുകയായിരുന്നു മുഖ്യമന്ത്രി. സമ്പൂര്‍ണ മാംസനിരോധനം സംസ്ഥാനത്ത് നടപ്പാക്കുമെന്നതിന്റെ ആദ്യ പടിയായിരുന്നു ഇറച്ചിക്കടകള്‍ക്കു നേരെയുള്ള നീക്കം. ഉത്തര്‍പ്രദേശിലെ മുസ്‌ലിം വിവാഹ വീടുകളില്‍ മാംസം വിളമ്പുന്നത് പരിശോധിക്കാന്‍ പൊലീസ് റെയ്ഡ് നടത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസം ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. മുസ്‌ലിം വിവാഹ വീടുകളിലെ സല്‍ക്കാരത്തിന് വിളമ്പുന്നത് ഏതുതരം മാംസമാണെന്ന് അറിയാനാണ് പൊലീസ് റെയ്ഡ് നടത്തുന്നത്. വിവാഹ വീടുകളില്‍ മാംസം വിളമ്പിയാല്‍ ഗൃഹനാഥനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ കസ്ഗുഞ്ച് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തെ അറവുശാലകള്‍ പൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പദം ഏറ്റെടുത്ത ഉടനെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദിത്യനാഥ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ചുവടുപടിച്ചാണ് അറവുശാലകള്‍ അടച്ചുപൂട്ടുന്നതിലും മാംസാഹര സല്‍ക്കാരത്തിലും പൊലീസ് ഇടപെട്ടുതുടങ്ങിയിരിക്കുന്നത്. പശുക്കളെ കടത്തുന്നതിനെതിരെ ശക്തമായ നിരോധനം ഏര്‍പ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അറവുശാലകള്‍ക്കെതിരെയുള്ള നീക്കത്തില്‍ മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങള്‍കൂടി പ്രയാസപ്പെടുന്നുവെന്ന വാര്‍ത്തയാണ് യു.പിയില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാണ്‍പൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്, ലഖ്‌നൗ മൃഗശാല, ഇത്വ ലയണ്‍ സഫാരി മൃഗശാലകളിലെ സിംഹങ്ങളും മറ്റു വന്യമൃഗങ്ങളും മാംസാഹാരം ലഭിക്കാതെ പട്ടിണിയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മൃഗശാലകളിലേക്ക് മാട്ടിറച്ചി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് വനം മന്ത്രി ദാരാസിങ് മുഖ്യമന്ത്രിയെ ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്നതിനു ശേഷം 300 അറവുശാലകള്‍ അടച്ചുപൂട്ടിയതിന്റെ അനന്തരഫലം സാമൂഹികക്രമം തകിടം മറിച്ചിരിക്കുന്നുവെന്നര്‍ത്ഥം. ആയിരക്കണക്കിന് തൊഴിലാളികളാണ് ഇതില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയിരിക്കുന്നത്.
മോദിയുടെ വികസന നയം പിന്തുടരുമെന്ന് പറഞ്ഞ് അധികാരമേറ്റെടുത്ത യോഗിയില്‍ നിന്ന് വര്‍ഗീയ ധ്രുവീകരണ നടപടികളല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാന്‍? വര്‍ഗീയ, വിദ്വേഷ പ്രചാരണത്തിലൂടെ കുപ്രസിദ്ധി നേടിയ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിച്ചതിലൂടെ തീവ്ര വര്‍ഗീയതക്ക് വഴിയൊരുക്കുകയാണ് ബി.ജെ.പി ചെയ്തിട്ടുള്ളത്. ഏറെ ചര്‍ച്ചകള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ശേഷമാണ് കൊടും വര്‍ഗീയതയുടെ പ്രതീകമായ ആദിത്യനാഥിനെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചത്. വര്‍ഗീയ വിഷംചീറ്റുന്ന വാക്കുകളിലൂടെ തങ്ങളുടെ പ്രിയങ്കരനായി മാറിയ ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കണമെന്ന ആര്‍.എസ്.എസ് നിര്‍ദേശം ബി.ജെ.പി അനുസരിക്കുകയായിരുന്നു. ഇതിന് പ്രത്യുപകാരം ചെയ്യാനുള്ള തത്രപ്പാടില്‍ രാജ്യത്തിന്റെ മേതേതരത്വത്തെ നെടുകെ ഛേദിക്കാനും യോഗി മടികാണിക്കില്ല. സാമുദായിക കലാപം സൃഷ്ടിക്കല്‍, കൊലപാതക ശ്രമം, വര്‍ഗീയ വിദ്വേഷ പ്രചാരണം, ഭീഷണിപ്പെടുത്തല്‍, ആയുധം കൊണ്ടുനടക്കല്‍ എന്നിവയടക്കം ഒട്ടേറെ കേസില്‍ പ്രതിയായ പാരമ്പര്യമാണ് യോഗിയുടെ രാഷ്ട്രീയ ഗ്രാഫ്. നിയമസഭയിലെ മൃഗീയ ഭൂരിപക്ഷം മറയാക്കി അതിതീവ്രമായ വര്‍ഗീയ നിലപാടുകള്‍ പ്രായോഗികതയില്‍ കൊണ്ടുവരാന്‍ ബി.ജെ.പി ഉറപ്പിച്ചതിന്റെ വ്യക്തമായ സൂചനയാണ് ആദിത്യനാഥിന്റെ കഴിഞ്ഞ ദിവസം വരെയുള്ള പ്രസ്താവനകളൊക്കെയും.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മുന്‍കയ്യെടുക്കുമെന്നും ഇതിനായി സമവായമുണ്ടാക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. മക്കയില്‍ രാമക്ഷേത്രം പോലെയാണ് അയോധ്യയില്‍ മുസ്്‌ലിം പള്ളിയെന്ന് നിലപാട് വ്യക്തമാക്കിയയാളാണ് യോഗി. രണ്ടു വിഭാഗക്കാരുടെ ആരാധനാലയം പണിയുന്നെങ്കില്‍ നൂറു മീറ്റര്‍ ഉയരത്തിലുള്ള മതില്‍ എന്തിനാണെന്നും അയോധ്യയില്‍ അത് നടപ്പിലാകില്ലെന്നും വീരവാദം മുഴക്കിയ യോഗി ഒരു തരത്തിലുമുള്ള സമവായത്തെയും അംഗീകരിക്കില്ലെന്നു വ്യക്തം. രാമക്ഷേത്രം പണിയുന്നതിനു വേണ്ടിയുള്ള പരിസരമൊരുക്കുകയാണ് മുഖ്യമന്ത്രിപദം ദുരുപയോഗം ചെയ്തുള്ള ആദിത്യനാഥിന്റെ നടപടി. മുസ്്‌ലിം ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ തീവ്ര നിലപാട് സ്വീകരിച്ച് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇതിലൂടെ തുടര്‍ഭരണം നിലനിര്‍ത്തിക്കൊണ്ടുപോകാനുള്ള ആയുധമായാണ് അവര്‍ യോഗി ആദിത്യനാഥിനെ ഉപയോഗിക്കുന്നത്. പക്ഷേ, ഇത്തരം വര്‍ഗീയ ധ്രുവീകരണ പ്രക്രിയകള്‍ ഉത്തര്‍പ്രദേശില്‍ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് ഏറെ വേദനാജനകം. യോഗി ആദിത്യനാഥിനെ കണ്ടുപഠിക്കുന്ന ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലുമെല്ലാം ഈ വര്‍ഗീയ വിഷം വല്ലാതെ വമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ നിലനില്‍പ്പിനെ പിടിച്ചുകുലുക്കുന്നുണ്ട്. പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും പേരില്‍ ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നമ്മുടെ രാജ്യത്തെ ഏകശിലാ രാഷ്ട്രമാക്കി വാര്‍ത്തെടുക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തെ കരുതിയിരിക്കേണ്ട കാലമാണിത്. മതേതര സമൂഹം എല്ലാം മറന്ന് ഒന്നിക്കുകയല്ലാതെ ഇതിന് മറുമരുന്നില്ലെന്ന കാര്യം ഓര്‍മപ്പെടുത്തട്ടെ.

chandrika: