X

പൂവാലന്മാരെ കൈകാര്യം ചെയ്യാന്‍ പരിശീലനം നല്‍കി ഉത്തര്‍പ്രദേശ് പൊലീസ്

ലഖ്‌നൗ: എങ്ങനെ ഒരു പൂവാലനെ തിരിച്ചറിയാമെന്ന് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ച് പൊലീസിനെ പഠിപ്പിക്കുകയാണ് യോഗി ആദിത്യനാഥിന്റെ പൊലീസ്. ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പൂവാലന്മാരെ കൈകാര്യം ചെയ്യുന്നതെങ്ങനെ എന്ന് പരിശീലിപ്പിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ പുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക താല്പര്യ പ്രകാരം രൂപീകരിച്ച ടീമാണ് ആന്റി-റോമിയോ സ്‌ക്വാഡ്. പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന പൂവാലന്മാരെ കണ്ടെത്തി കൈകാര്യം ചെയ്യലായിരുന്നു സ്‌ക്വാഡിന്റെ നിയോഗ ലക്ഷ്യം.

എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞതു പോലെയായി സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. കാമുകി-കാമുകന്മാരെ തുരത്തിയോടിച്ച് വില്ലന്‍ പരിവേഷം എടുത്തണിഞ്ഞ സ്‌ക്വാഡ് തലമുടി വടിച്ച് പൂവാലന്മാരെ കൈകാര്യം ചെയ്തതോടെ കളി മാറി. ആന്റി-സ്‌ക്വാഡിനെതിരെ ജനം തിരിഞ്ഞതും ജനരോഷം ഭയന്ന് മുഖ്യമന്ത്രി തന്നെ സ്‌ക്വാഡംഗങ്ങള്‍ സംയമനം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് രംഗത്തെത്തി.

അതിന് പിന്നാലെയാണ് ഇപ്പോള്‍ പൊലീസിന് തന്നെ പൂവാലന്മാരെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ എന്ന് ക്ലാസെടുത്തു കൊടുക്കുന്നത്.

സംഗതി അത്ര എളുപ്പമല്ലെന്ന് തന്നെ തുറന്നു പറയും ഈ പരിശീലകര്‍. സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവാന്‍ തന്നെ പറഞ്ഞ മുഖ്യമന്ത്രി പക്ഷേ പ്രണയിനികളെ ബുദ്ധിമുട്ടിലാക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

താന്‍ വരുന്നെന്നറിഞ്ഞാല്‍ തന്നെ ആളുകള്‍, പ്രത്യേകിച്ച് കാമുകി-കാമുകന്മാര്‍ പേടിച്ചോടുമെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ പരീശീലകന്‍ തിരുത്തി. ഈ നിലപാട് ശരിയല്ലെന്നായിരുന്നു പരിശീലകന്റെ മറുപടി.

ആന്റി-റോമിയോ സ്‌ക്വാഡ് പ്രണയിനികളെ ശല്യം ചെയ്യുന്ന വീഡിയോ പ്രദര്‍ശിപ്പിച്ച ശേഷം പരിശീലകന്‍ പറയുന്നു: ” ഒരാണും പെണ്ണും സംസാരിച്ചിരിക്കുകയാണെന്ന് സങ്കല്‍പ്പിക്കുക. അത് ഏതെങ്കിലും തരത്തില്‍ തെറ്റാണോ. അല്ല. എന്നാല്‍, പെണ്‍കുട്ടി തനിക്കിനി സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറയുകയും ആണ്‍കുട്ടി നിര്‍ബന്ധിക്കുകയും ചെയ്താല്‍ അത് കുറ്റകരമാണ്. അതുകൊണ്ട് തന്നെ ഒരാണും പെണ്ണും അടുത്തത്തടുത്തിരുന്നു എന്നതിന്റെ പേരില്‍ നിങ്ങള്‍ ഇടപെടണമെന്നില്ല. പക്ഷേ, പെണ്‍കുട്ടി ആശങ്കാകുലയായി കാണപ്പെട്ടാല്‍ നമ്മള്‍ പൊലീസുകാര്‍ ഉടനടി ഇടപെടണം.”

ഇതിന് പുറമെ എല്ലാ സമയത്തും കാമറ കൂടെ കരുതാനും വിഷയത്തില്‍ ഇടപെടും മുമ്പ് തങ്ങളുടെ പക്കലുള്ള മൊബൈലില്‍ തൊട്ടു മുമ്പ് വരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്തണമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആ ദൃശ്യങ്ങള്‍ ഒരളവോളം ആരോപണ-പ്രത്യാരോപണങ്ങളെ ചെറുക്കാന്‍ ഉപകരിക്കുമെന്നും പൊലീസ് മേധാവികള്‍ ഉദ്‌ബോധിപ്പിക്കുന്നു.

50 പേരടങ്ങുന്ന ഓരോ ബാച്ചുകളായാണ് പരിശീലത്തിനെത്തുന്നത്. വനിതാ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പടെ ആഴ്ചയില്‍ മൂന്ന് പരിശീലന ക്ലാസുകളാണ് സംഘടിപ്പിക്കപ്പെടുന്നതെന്ന് ഉത്തര്‍പ്രദേശ് പൊലീസ് വ്യക്തമാക്കുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കടക്കം പരിശീലനം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

chandrika: