സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തിയെന്ന തെറ്റായ വിവരത്തെത്തുടര്‍ന്ന് മൂന്ന് സ്ത്രീകളടക്കം അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസ്. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ സകാത്ത്പൂര്‍ ഗ്രാമത്തിലാണ് വിവാദ നടപടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സക്കാത്ത്പൂര്‍ നിവാസികളായ അഹ്മദ് അലി, സഹോദരന്‍ റഹ്മത്ത് അലി, താഹിബ, സെറീന, ഷാജഹാന്‍ എന്നിവര്‍ക്കെതിരെയാണ് സദ്‌നഗ്ലി പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ രണ്ടാഴ്ചകളായി അനിഷ്ട സംഭവങ്ങളാണ് ഗ്രാമത്തില്‍ അരങ്ങേറുന്നത്. അലിയുടെ ഉടമസ്ഥതയിലുള്ള ഹാളില്‍ കാലങ്ങളായി നിസ്‌കരിച്ചു വരികയായിരുന്നു. അതിനടുത്തുള്ള കെട്ടിടത്തില്‍ മതപഠനത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തില്‍ ഇവ രണ്ടും റവന്യു രേഖകളിലുള്‍പ്പട്ടതല്ലെന്ന് തെളിഞ്ഞിരുന്നു. അന്വേഷണത്തെത്തുടര്‍ന്ന് കുടുംബാംഗങ്ങളല്ലാതെ മറ്റാരെയും നിസ്‌കരിക്കാന്‍ അനുവദിക്കരുതെന്ന് പൊലീസ് ഗൃഹനാഥനായ അഹ്മദ് അലിയോട് നിര്‍ദേശിച്ചിരുന്നു.
തര്‍ക്കങ്ങള്‍ നിലനില്‍ക്കെത്തന്നെ വര്‍ഗീയമായ ലഹളക്ക് വഴിവെക്കുമായിരുന്ന തരത്തില്‍ അപവാദപരമായ പ്രസ്താവനകള്‍ നടത്തിയെന്ന് ഈ അഞ്ചുപേര്‍ക്കെതിരെ ആരോപിക്കപ്പെട്ടുവെന്ന്ഹസന്‍പൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ അവിനനാശ് കുമാര്‍ ഗൗതം വിശദമാക്കി.
അതേസമയം, ”കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഈ ഹാളില്‍ നിസ്‌കാരം നിര്‍വഹിച്ചു വരുന്നു. ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും സമവായത്തോടെ തന്നെയാണ് പിന്നീട് ഇവിടെ പള്ളി നിര്‍മിച്ചത്. ഇപ്പോള്‍ ചിലര്‍ പ്രശ്‌നമുണ്ടാക്കുകയാണ്. കൂട്ടമായ നിസ്‌കാരം ഞങ്ങള്‍ അന്നേ നിര്‍ത്തിയതുമാണ്”- ആരോപണ വിധേയനായ റഹ്മത്ത് അലിയുടെ ബന്ധു ഷബ്ബീര്‍ അലി പറഞ്ഞു.
മറ്റു പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ അവിടെ നിസ്‌കരിക്കാനെത്തുന്നത് അനുവദിക്കാത്തതിനെയാണ്് പൊലീസും ജില്ലാ ഭരണകൂടവും ചോദ്യം ചെയ്തതെന്ന് അംറോഹ പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ മിശ്ര അറിയിച്ചു. ഗ്രാമവാസികളില്‍ ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ വേണ്ടി മന:പൂര്‍വം എടുത്തു ചാടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.