X
    Categories: indiaNews

ഉത്തരാഖണ്ഡ്;ദേവഭൂമിയില്‍ ആരു വാഴും?

ഡെറാഡൂണ്‍: ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡില്‍ 70 നിയമസഭാ മണ്ഡലങ്ങളിലേക്കും ഫെബ്രുവരി 14ന് വോട്ടെടുപ്പ് നടക്കും. നിലവില്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് പക്ഷേ ഭരണ കക്ഷിക്ക് കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ഭരണ വിരുദ്ധ വികാരവും പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളും തിരിച്ചടിയാവുമെന്ന് ബി.ജെ.പി കണക്കു കൂട്ടുന്ന സംസ്ഥാനങ്ങളിലൊന്നു കൂടിയാണ് ഉത്തരാഖണ്ഡ്. കേന്ദ്രവും സംസ്ഥാനവും ചേര്‍ന്നുള്ള ഇരട്ട എഞ്ചിന്‍ ഭരണമെന്ന് അവകാശപ്പെട്ട് അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും കാര്യമായ നേട്ടമുണ്ടാക്കാനാവാതെ വന്നതും മുഖ്യമന്ത്രിമാരെ മാറിമാറി പരീക്ഷിച്ചതും ബി.ജെ.പിക്ക് തിരിച്ചടിയാണ്. ഇതിനു പുറമെ ഈയിടെ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് ദയനീയമായി പരാജയപ്പെട്ടതും സംസ്ഥാന സര്‍ക്കാറിനെ ഞെട്ടിച്ചിട്ടുണ്ട്.

70 അംഗ നിയമസഭയില്‍ 36 സീറ്റുകളാണ് ഭൂരിപക്ഷത്തിനാവാശ്യം. ഗര്‍വാള്‍ (22 മണ്ഡലങ്ങള്‍), മെയ്ദാന്‍ (28 മണ്ഡലങ്ങള്‍), കുമാവോണ്‍ (20 മണ്ഡലങ്ങള്‍) എന്നിങ്ങനെ മൂന്നു മേഖലകളിലായാണ് ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങള്‍. 2017ല്‍ 57 സീറ്റുമായാണ് ബി.ജെ.പി അധികാരത്തിലേറിയത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് 11 സീറ്റുകളിലൊതുങ്ങിയപ്പോള്‍ രണ്ടിടത്ത് സ്വതന്ത്രരും വിജയിച്ചു. 2021 മാര്‍ച്ചില്‍ തന്നെ സംസ്ഥാന തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയില്‍ പോര് തുടങ്ങിയിരുന്നു. അപ്രസക്തനായ മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിനെ മാറ്റി തിരാത്ത് റാവത്തിനെ ബി.ജെ.പി പരീക്ഷിച്ചെങ്കിലും നാലു മാസത്തിനുള്ളില്‍ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ന്നതോടെ തിരാത്തിനെ മാറ്റി പുഷ്‌കാര്‍ ധാമിയെ മുഖ്യമന്ത്രിയാക്കി പ്രതിഷ്ഠിച്ചു. മുഖ്യമന്ത്രി പദത്തിനായി ബി.ജെ.പിയില്‍ അടി ആരംഭിച്ചതോടെയാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് അരയും തലയും മുറുക്കിയത്. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ പ്രചാരണ തലവനാക്കിയും വിശ്വസ്ഥനായ ഗണേഷ് ഗോധിയാലിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കിയും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി ഒരുങ്ങി. ബി.ജെ.പിയില്‍ നിന്നും ദളിത് മുഖവും കാബിനറ്റ് മന്ത്രിയുമായ യശ്പാല്‍ ആര്യയേയും അദ്ദേഹത്തിന്റെ എം.എല്‍.എയായ മകനേയും കോണ്‍ഗ്രസ് കൂടാരത്തിലെത്തിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഭരണം പ്രതീക്ഷിക്കുന്ന അപൂര്‍വം സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. ഇത് മനസിലാക്കിയാണ് ഭരണ കക്ഷിയുടെ ആശിര്‍വാദത്തോടെ മുസ്്‌ലിം വിരുദ്ധ പ്രചാരണവുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നത്.

നിലവിലെ കക്ഷി നില
ആകെ സീറ്റ് 70
നിലവിലെ കക്ഷി നില
ബി.ജെ.പി 57
കോണ്‍ഗ്രസ് 11
മറ്റുള്ളവര്‍ 2

Test User: