ഡെറാഡൂണ്‍: വ്യാജ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഉത്തരാഖണ്ഡിലെ അഗസ്ത്യമുനി ടൗണില്‍ മുസ്‌ലിംകള്‍ക്ക് നേരെ സംഘ്പരിവാര്‍ സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ 20ഓളം കടകള്‍ ആക്രമിച്ച സംഘം കണ്ണില്‍ക്കണ്ടവരെയൊക്കെ അടിച്ചോടിക്കുകയും ചെയ്തു. രണ്ടായിരത്തോളം വരുന്ന സംഘമാണ് മാരകായുധങ്ങളുമായി നഗരത്തില്‍ അഴിഞ്ഞാടിയത്.
അതിനിടെ ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ ജില്ലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഗസ്ത്യമുനി നഗരത്തിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ ശനിയാഴ്ച 144 പ്രഖ്യാപിച്ചത്. രുദ്രപ്രയാഗ് ജില്ലയിലെ അജസ്റ്റമുനിയിലും ഗുലാബ്രറിലും ഉത്തരാഖണ്ഡ് പൊലീസ് പതാക മാര്‍ച്ച് നടത്തി.
പ്രദേശത്തെ ഹിന്ദു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി ചിലര്‍ പറയുന്ന വീഡിയോ ആണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ ഇവര്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കലാപമുണ്ടാക്കാനായി സംഘ്പരിവാര്‍ മെനഞ്ഞെടുത്ത നാടകമാണിതെന്ന് വ്യക്തമായിട്ടുണ്ട്. വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കി ജില്ലാ മജിസ്‌ട്രേറ്റ് മങ്കേഷ് ഖില്‍ദ്യാല്‍ ഫേസ്ബുക്കില്‍ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും വീഡിയോയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
നിരോധനാജ്ഞ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. മുസ്‌ലിംകള്‍ വളരെക്കുറച്ചുമാത്രമുള്ള മലയോര പ്രദേശമാണ് അഗസ്ത്യമുനി. പതിറ്റാണ്ടായി ഇവിടെ ഒരു സംഘര്‍ഷം പോലും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലേറിയതിന് പിന്നാലെ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടര്‍ക്കഥയായിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കലാപം അഴിച്ചുവിടാനുള്ള ഹിന്ദുത്വ തീവ്രവാദികളുടെ നീക്കമാണിതെന്നാണ് വിലയിരുത്തല്‍.