ഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് പദവി രാജിവച്ചു. അധികാരത്തിലേറി നാലു മാസം തികയുന്നതിനു മുന്‍പായിരുന്നു തീരഥ് സിങ്ങിന്റെ അപ്രതീക്ഷിത രാജി. രാത്രി 11 മണിയോടെ രാജ്ഭവനില്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ അദ്ദേഹം ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.
ലോക്‌സഭാംഗമായ തീരഥ് സിങ്, ത്രിവേന്ദ്ര സിങ് റാവത്തിന്റെ പിന്‍ഗാമിയായി മാര്‍ച്ചിലാണു മുഖ്യമന്ത്രിയായത്. ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നേരിട്ട് എംഎല്‍എ ആകണം എന്നാണ് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള പ്രതിസന്ധി നിലനില്‍ക്കുന്നതിനാലാണ് രാജി തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 10 വരെ തെരഞ്ഞെടുപ്പ് നേരിടാന്‍ അദ്ദേഹത്തിന് സമയമുണ്ടായിരുന്നു.
മൂന്നു ദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിന് ശേഷം ഡെറാഡൂണിലേക്ക് തിരിച്ചെത്തി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു രാജി.