ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താനിറങ്ങുന്ന കോണ്‍ഗ്രസ് ജനകീയ പ്രഖ്യാപനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമെന്നതാണ് പ്രധാന വാഗ്ദാനം. സൈനികരുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും യുവജനങ്ങള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ഇത്തരം ഫോണുകളില്‍ ഒരുവര്‍ഷം ഇന്റര്‍നെറ്റും കോളുകളും സൗജന്യമായിരിക്കും. 2020 ഓടെ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജോലി നല്‍കും. മൂന്നു വര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമങ്ങളിലും കുടിവെള്ളം, വൈദ്യുതി, റോഡ് വികസനം നടപ്പാക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ വിനോദ സഞ്ചാരികളുടെ എണ്ണം മൂന്നിരട്ടിയാക്കും. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് മല്‍സര പരീക്ഷകള്‍ക്കായി പ്രത്യേക കോച്ചിങ് സെന്ററുകള്‍ ആരംഭിക്കുമെന്നും വാഗ്ദാനമുണ്ട്. ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നതെന്ന് പ്രകടന പത്രിക പുറത്തിറക്കികൊണ്ട് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.