X

യു.പി അവസാന ലാപില്‍; 40 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാന ലാപ്പില്‍. ഏഴാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പിനായി 40 നിയമസഭാ മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലമായ വരാണസി ഉള്‍കൊള്ളുന്ന ജില്ലയാണ് ജനവിധിയിലെ ശ്രദ്ധാകേന്ദ്രം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍ ബി.ജെ.പിയും എസ്.പി-കോണ്‍ഗ്രസ് സഖ്യവും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് വരാണസിയിലായിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ നേട്ടമുണ്ടാക്കിക്കൊടുത്ത ജില്ലകളാണ് അവസാനഘട്ടത്തില്‍ വിധിയെഴുത്തിനൊരുങ്ങുന്നത്. പ്രധാനമന്ത്രി നേരേന്ദ്രമോദിയുടെ സാന്നിധ്യമാണ് പ്രചാരണത്തിന്റെ അവസാന നിമിഷവും ബി.ജെ.പിക്ക് ആത്മവിശ്വാസം പകര്‍ന്നത്. അതേസമയം രാഹുല്‍-അഖിലേഷ്-ഡിംപിള്‍ ത്രയങ്ങളുടെ നേതൃത്വത്തില്‍ തുറന്ന വാഹനത്തില്‍ നടത്തിയ പടുകൂറ്റന്‍ പ്രചാരണ റാലി ബി.ജെ.പി ക്യാമ്പിന്റെ പ്രതീക്ഷകള്‍ക്ക് നേരിയ തോതില്‍ മങ്ങലേല്‍പ്പിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിന്റെ പൊതുവായ തെരഞ്ഞെടുപ്പ് ഫലത്തിനൊപ്പം തന്നെ പ്രധാനമാണ് വരാണസി ബി.ജെ.പിയെ തള്ളുമോ കൊള്ളുമോ എന്നത്. വരാണസിയില്‍ തിരിച്ചടിയുണ്ടായാല്‍ മോദിയുടെ ജനകീയത ഇടിയുന്നതിന്റെ ഫലസൂചികയമായി അത് മാറും.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വരാണസിയില്‍ ഒരുക്കിയിട്ടുള്ളത്. നക്‌സല്‍ ബാധിത ജില്ലകളായ സോനബദ്ര, മിര്‍സാപൂര്‍, ചണ്ഡോളി എന്നിവിടങ്ങളിലും വലിയ തോതില്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ഗാസിപൂര്‍, ജോന്‍പൂര്‍, ബദോയി ജില്ലകളാണ് അവസാന ഘട്ടത്തില്‍ ബൂത്തിലെത്തുന്ന മറ്റ് മണ്ഡലങ്ങള്‍. കാലത്ത് ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പോളിങ്. നക്‌സല്‍ ബാധിത മേഖലകളില്‍ വൈകീട്ട് നാല് മണിക്ക് പോളിങ് അവസാനിക്കും. 1.41 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 64.76 ലക്ഷംപേര്‍ വനിതകളാണ്. 14,458 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
32 സീറ്റിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ശേഷിക്കുന്ന എട്ട്് സീറ്റില്‍ സഖ്യ കക്ഷികളായ അപ്‌നാ ദള്‍ നാലിടത്തും സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നാലിടത്തും മത്സരിക്കും. മറുപക്ഷത്ത് 31 സീറ്റില്‍ എസ്.പി മത്സരിക്കുമ്പോള്‍ ഒമ്പതിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് ഗോദയില്‍. ബി.എസ്.പി എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. മാര്‍ച്ച് 11നാണ് യു.പി ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍.

chandrika: