X
    Categories: indiaNews

ഉത്തര്‍പ്രദേശ്; പച്ച പിടിക്കുക ഏത് കാര്‍ഡ്?

ലക്‌നൗ: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമാണ് ഉത്തര്‍ പ്രദേശ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന യു.പി തിരഞ്ഞെടുപ്പില്‍ 403 അംഗ നിയമസഭയില്‍ 202 സീറ്റുകളാണ് ഭൂരിപക്ഷത്തിനാവശ്യം. യു.പിയിലെ 403 മണ്ഡലങ്ങള്‍ ഏഴു മേഖലകളിലായാണ്. പടിഞ്ഞാറന്‍ യു.പി (44 മണ്ഡലങ്ങള്‍), റൂഹേല്‍ഖണ്ഡ് (52 മണ്ഡലങ്ങള്‍), ദോയബ് (73 മണ്ഡലങ്ങള്‍), അവധ് (78 മണ്ഡലങ്ങള്‍), ബുന്ദേല്‍ഖണ്ഡ് (19 മണ്ഡലങ്ങള്‍), കിഴക്കന്‍ യു.പി (76 മണ്ഡലങ്ങള്‍), വടക്കു കിഴക്കന്‍ യു.പി (61 മണ്ഡലങ്ങള്‍). 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 312 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയപ്പോള്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്.പി 47 ഇടത്തും മായാവതിയുടെ ബി.എസ്.പി 19 ഇടത്തും കോണ്‍ഗ്രസ് ഏഴിത്തും വിജയിച്ചപ്പോള്‍ ചെറുപാര്‍ട്ടികളും സ്വതന്ത്രരും 18 സീറ്റുകളിലും വിജയിച്ചു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പേ തന്നെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ബി.ജെ.പി യു.പിയില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് പ്രചാരണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അയോധ്യയും ഹിന്ദുത്വവുമടക്കം തീവ്ര ഹിന്ദുത്വ വര്‍ഗീയ അജണ്ടയിലൂന്നിയുള്ള പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്നതുള്‍പ്പെടെ കോവിഡ് കൈകാര്യം ചെയ്യുന്നതിലെ പരാജയം, സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച, കര്‍ഷക കൂട്ടക്കുരുതി തുടങ്ങിയ വിഷയങ്ങളിലൂന്നി പ്രചാരണം നടത്തുന്ന എസ്.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണത്തോട് ഏറ്റുമുട്ടി വിജയിക്കാനാവുമോ എന്നതാണ് കണ്ടറിയേണ്ടത്. 2024ല്‍ കേന്ദ്രത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കണമെങ്കില്‍ യു.പി പിടിക്കണമെന്ന് നന്നായി അറിയാവുന്ന ബി.ജെ.പി യോഗിയെ മുന്നില്‍ നിര്‍ത്തി ഭരണ നേട്ടങ്ങളേക്കാളും അയോധ്യയിലൂന്നി ഹിന്ദുത്വ അജണ്ടക്കു പിന്നാലെയാണ് പോകുന്നത്. ഇത്തവണ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സംഘടനകളുടെ പ്രതിഷേധവും ലഖിംപൂരില്‍ നടന്ന കര്‍ഷക കൂട്ടക്കുരുതിയും പടിഞ്ഞാറന്‍ യു.പിയടക്കം ബി.ജെ.പിക്ക് കഴിഞ്ഞ തവണ സമഗ്ര ആധിപത്യം നല്‍കിയ മേഖലകളില്‍ സ്ഥിതി മാറിയേക്കുമെന്ന് ബി.ജെ. പി നേതാക്കള്‍ തന്നെ ഭയക്കുന്നുണ്ട്.

ജാട്ടുകള്‍ക്ക് കാര്യമായ സ്വാധീനമുള്ള ജയന്ത് സിങ് ചൗധരിയുടെ നേതൃത്വത്തില്‍ ആര്‍.എല്‍.ഡിയുമായി സഖ്യമുണ്ടാക്കിയത് നേട്ടമാകുമെന്ന കണക്കു കൂട്ടലിലാണ് മുഖ്യ പ്രതിപക്ഷമായ അഖിലേഷ് യാദവിന്റെ എസ്.പി. നേരത്തെ ബി.ജെ.പിയെ സഹായിച്ചിരുന്ന ഓംപ്രകാശ് രാജ്ബറിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും ഇത്തവണ എസ്.പിയ്‌ക്കൊപ്പമാണ്. പൂര്‍വാഞ്ചല്‍ മേഖലയിലെ ചില സീറ്റുകളിലെങ്കിലും ജയപരാജയം നിര്‍ണയിക്കുന്നതില്‍ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നിര്‍ണായകമാണ്. പാര്‍ട്ടിയുമായി അകന്ന അമ്മാവന്‍ ശിവപാല്‍ യാദവിന്റെ പാര്‍ട്ടിയേയും തങ്ങള്‍ക്കൊപ്പമെത്തിച്ചതോടെ യാദവ് വോട്ട് ബാങ്ക് ഇത്തവണ കൂടെ നില്‍ക്കുമെന്ന് എസ്.പി പ്രതീക്ഷിക്കുന്നു. യോഗി ആദിത്യനാഥിന് കീഴില്‍ അദ്ദേഹത്തിന്റെ സമുദായമായ താക്കൂര്‍ സമുദായത്തിന് മാത്രമേ നേട്ടമുള്ളൂവെന്ന് കണക്കു കൂട്ടുന്ന ബ്രാഹ്‌മണ വിഭാഗത്തിന്റെ അസംതൃപ്തിയും ബി.ജെ.പിക്ക് എതിരായി വോട്ടായി മാറിയാല്‍ അത് ഭരണ മാറ്റത്തിന് സഹായിക്കുമെന്ന് എസ്.പി കരുതുന്നു. മുസ്്‌ലിം യാദവ വോട്ടുകള്‍ ഒരുമിച്ചാല്‍ ബി.ജെ.പിയെ താഴെ ഇറക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് എസ്.പി. എന്നാല്‍ അസദുദ്ദീന്‍ ഉവൈസിയുടെ എ. ഐ.എം. ഐ.എം മുസ്്‌ലിം മേഖലകളിലെ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുമോ എന്ന ആശങ്കയും അവര്‍ക്കുണ്ട്. അതേ സമയം പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളും സ്ത്രീ കേന്ദ്രീകൃത പ്രത്യേക തിരഞ്ഞെടുപ്പ് പ്രകടന പത്രികയുമെല്ലാം തുണച്ചാല്‍ തിരിച്ചുവരവിന് കളമൊരുങ്ങുമെന്ന് കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നു.

നിലവിലെ കക്ഷി നില
ആകെ സീറ്റ് 403
ബി.ജെ.പി 312
എസ്.പി 47
ബി.എസ്.പി 19
കോണ്‍ഗ്രസ് 7
മറ്റുള്ളവര്‍ 18

Test User: