പൂനെ: അമേരിക്ക ആസ്ഥാനമായ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും പണം തട്ടിക്കുന്നതിനായി സ്വന്തം മരണ നാടകീയമായി സൃഷ്ടിച്ചയാള്‍ അറസ്റ്റില്‍. കേരളത്തിലെ ഉത്ര വധം മാതൃകയില്‍ പാമ്പിനെ ഉപയോഗിച്ചാണ് ഇയാള്‍ നാടകം തയാറാക്കിയത്.
അഹമ്മദ് നഗര്‍ സ്വദേശിയായ പ്രഭാകര്‍ ബിമാജി വാഗ്‌ചോരെ എന്ന 54കാരനാണ് 37.5 കോടി തട്ടാന്‍ സ്വന്തം മരണം സൃഷ്ടിക്കാനായി മാനസികാസ്വാസ്ഥ്യമുള്ളയാളെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നത്. ഇന്‍ഷൂറന്‍സ് കമ്പനി സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി ആളെ നിയമിച്ചതോടെയാണ് നാടകം പൊളിഞ്ഞത്. പ്രഭാകര്‍ ബിമാജിയേയും ഇയാളുടെ നാല് കൂട്ടാളികളേയും പൊലീസ് അറസ്റ്റു ചെയ്തു.
20 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്നയാളാണ് ബിമാജി. ജനുവരിയില്‍ ഇന്ത്യയില്‍ മടങ്ങി എത്തിയ ഇയാള്‍ അഹമ്മദ് നഗറിലെ രാജുര്‍ ഗ്രാമത്തിലായിരുന്നു താമസം. എന്നാല്‍ ഏപ്രില്‍ 22ന് അഹമ്മദ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ബിമാജി പ്രദേശത്തെ ആശുപത്രിയില്‍ മരിച്ചതായി റിപ്പോര്‍ട്ട് എത്തി. ഇയാളുടെ അനന്തരവനെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രവീണ്‍ എന്നയാള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മൃതദേഹം തിരിച്ചറിഞ്ഞു. ഹര്‍ഷദ് ലഹംഗെ എന്നൊരാള്‍ കൂടി മരിച്ചത് ബിമാജിയാണെന്ന് സാക്ഷ്യപ്പെടുത്തി. മരണ കാരണം പാമ്പുകടിയേറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമാകുകയും മൃതദേഹം വിട്ടു നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്‍ഷൂറന്‍സ് കമ്പനി മരണത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അഹമ്മദ് നഗര്‍ അധികൃതരെ സമീപിച്ചതോടെയാണ് കള്ളി പൊളിഞ്ഞത്.
ബിമാജി താമസിച്ചിരുന്ന വീടിന്റെ അയല്‍ക്കാരുമായി സംസാരിച്ച പൊലീസിന് അവിടെ ആരും പാമ്പുകടിയേറ്റ് മരിച്ചതായി അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് ലഹാംഗയെ ചോദ്യം ചെയ്തു. അനന്തരവനെന്ന് പൊലീസിനെ പരിചയപ്പെടുത്തിയ പ്രവീണ്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന് ഇയാള്‍ മൊഴി നല്‍കി. ഇതോടെ ബിമാജിയുടെ ഫോണ്‍കോള്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ബിമാജി ജീവിച്ചിരിപ്പുണ്ടെന്നും പൊലീസിന് മുന്നില്‍ പ്രവീണ്‍ എന്ന് പരിചയപ്പെടുത്തി എത്തിയ ആള്‍ ബിമാജി തന്നെയായിരുന്നെന്നും വ്യക്തമായത്.