ലക്‌നോ: പശു മൂത്രം ഉപയോഗിച്ച് ഫ്‌ളോര്‍ ക്ലീനര്‍ ഉണ്ടാക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെ മരുന്ന് നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. കരള്‍ രോഗങ്ങള്‍, സന്ധി വേദന, രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയവയ്ക്കായി പശു മൂത്രം ഉപയോഗിച്ച് എട്ടോളം മരുന്നുകളാണ് ഉത്തര്‍പ്രദേശ് ആയുര്‍വേദ വകുപ്പ് തയ്യാറാക്കിയത്.
ആയുര്‍വേദ വകുപ്പിന്റെ കീഴിലുള്ള ലക്‌നോവിലേയും പിലിഭിത്തിലേയും ഫാര്‍മസികളിലും മറ്റു സ്വകാര്യ യൂണിറ്റുകളിലും ഗോമൂത്രം, പാല്‍, നെയ്യ് തുടങ്ങിയവ ഉപയോഗിച്ചുള്ള മരുന്ന് നിര്‍മ്മാണം പുരോഗമിക്കുകയാണ്. കരള്‍ രോഗത്തിനും സന്ധി വേദനയ്ക്കുമായി ഇപ്പോള്‍ എട്ടോളം മരുന്നുകളാണ് കണ്ടെത്തി നിര്‍മ്മിച്ചിട്ടുള്ളതെന്ന് യു.പി ആയുര്‍വേദ വകുപ്പ് ഡയറക്ടര്‍ ആര്‍.ആര്‍.ചൗധരി വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. ആയുര്‍വേദത്തില്‍ ഗോ മൂത്രം അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റു രോഗങ്ങള്‍ക്കും ഗോ മൂത്രത്തില്‍ നിന്ന് മരുന്ന് കണ്ടെത്തുന്നതിനുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ഫാര്‍മസികള്‍ സംസ്ഥാനത്ത് ഉടന്‍ വരും- ചൗധരി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഫ്‌ളോര്‍ ക്ലീനറുകള്‍ നിര്‍മ്മിക്കുന്നതിന് പശുവിന്‍ മൂത്രം ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരുന്നു.