X

തിരിച്ചടി ഭയം; ഹത്രാസ് സംഭവത്തില്‍ സുപ്രിംകോടതിയില്‍ മുന്‍കൂട്ടി സത്യവാങ്മൂലം സമര്‍പ്പിച്ച് യോഗി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹത്രാസ് സംഭവത്തില്‍ സുപ്രിംകോടതിയില്‍ നിന്ന് തിരിച്ചടി ഭയന്ന് യോഗി സര്‍ക്കാറിന്റെ മുന്‍കൂട്ടിയുള്ള നീക്കം. വിഷയവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കും മുമ്പെ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇന്ന് ഉച്ചയ്ക്കാണ് കോടതി ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ആത്മാര്‍ത്ഥമായ അന്വേഷണങ്ങള്‍ക്കിടെയും രാഷ്ട്രീയപ്പാര്‍ട്ടികളും ഒരുവിഭാഗം മാധ്യമങ്ങളും വിഷയത്തില്‍ വ്യക്തമായ അജണ്ടകള്‍ കാണിച്ചു എന്ന് സത്യവാങ്മൂലം കുറ്റപ്പെടുത്തുന്നു. സംഭവത്തിന് സാമുദായിക-ജാതിയ നിറം നല്‍കാനായിരുന്നു അവരുടെ ശ്രമം. കോടതി അന്വേഷണത്തിന്റെ മേല്‍നോട്ടം ഏറ്റെടുക്കണം- സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെയാണ് മൃതദേഹം കത്തിച്ചത് എന്ന ആരോപണം അടിസ്ഥാന രഹിതമാണ് എന്ന് സര്‍ക്കാര്‍ പറയുന്നു. രാവിലെ അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരിക്കാന് രാത്രി തന്നെ മൃതദേഹം സംസ്‌കരിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ തടിച്ചു കൂടുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നത്- സത്യവാങ്മൂലം വ്യക്തമാക്കി.

Test User: