X

യു.പിയില്‍ തൂക്കു സഭയെന്ന് സര്‍വെ

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഇന്ത്യ ടുഡെ -ആക്‌സിസ് അഭിപ്രായ സര്‍വെ.
ബിജെപി 170 മുതല്‍ 183 സീറ്റ് വരെ നേടി ഒന്നാമതെത്തും. മായാവതിയുടെ ബിഎസ്പി 115 മുതല്‍ 124 വരെ സീറ്റുകള്‍ നേടിയേക്കും. 403 അംഗ യുപി നിയമസഭയില്‍ 94 മുതല്‍ 103 സീറ്റ് വരെയായിരിക്കും നിലവിലെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടി നേടുകയെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു. അതേ സമയം ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച കോണ്‍ഗ്രസിന് കഷ്ടിച്ചേ ഇരട്ടസംഖ്യ കടക്കാനാകൂവെന്നും സര്‍വെ വ്യക്തമാക്കുന്നു. മായാവതി മുഖ്യമന്ത്രിയാകണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 31 ശതമാനം ആളുകളും പ്രതികരിച്ചത്. 27 ശതമാനം പേര്‍ നിലവിലെ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പിന്തുണച്ചപ്പോള്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത് ഒരു ശതമാനം മാത്രമാണ്.
കഴിഞ്ഞ 27 വര്‍ഷമായി യുപി പിടിച്ചടുക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിനെ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ് സര്‍വെ ഫലം. രണ്ട് ശതമാനം മാത്രം പ്രിയങ്ക ഗാന്ധിയെ അനുകൂലിച്ചപ്പോ ള്‍ ഷീല ദീക്ഷിതിന് ലഭിച്ചത് ഒരു ശതമാനം പിന്തുണ മാത്രം. മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്‌നാഥ് സിങിനെ 18 ശതമാനം പിന്തുണച്ചു.
ബിജെപി നടത്തിയ കോണ്‍ഗ്രസ് മുക്ത സംസ്ഥാനം ക്യാംപെയ്‌നിന് വേണ്ടത്ര ജനപിന്തുണ ലഭിച്ചില്ലെന്നും സര്‍വെ വ്യക്തമാക്കുന്നു. സര്‍വെയില്‍ പങ്കെടുത്ത 54 ശതമാനം പേരും കോണ്‍ഗ്രസ് മുക്ത ഇന്ത്യ എന്ന ആശയത്തോട് യോജിപ്പില്ലെന്നാണ് അറിയിച്ചത്. പ്രതികരിച്ച 29 ശതമാനം ബിജെപിയെ പിന്തുണച്ചപ്പോള്‍ 17 ശതമാനം പേര്‍ക്ക് കൃത്യമായ ഒരു മറുപടി ഇല്ലായിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ 80 ല്‍ 71 സീറ്റും ബിജെപി നേടിയിരുന്നു. കോണ്‍ഗ്രസിനാകട്ടെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മത്സരിച്ച മണ്ഡലങ്ങള്‍ മാത്രം നിലനിര്‍ത്താനേ ആയിരുന്നുള്ളൂ. വികസനമാണ് പ്രധാന പ്രശ്‌നമെന്നാണ് 88 ശതമാനം ആളുകളും വിശ്വസിക്കുന്നത്. വലിയ സംസ്ഥാനമായ യുപിയിലെ മണ്ഡല്‍, മന്ദിര്‍, ജാതി രാഷ്ട്രീയത്തില്‍ കാലിടറിയ കോണ്‍ഗ്രസിന് ഇത്തവണ ഭരണം പിടിക്കാനായില്ലെങ്കിലും സംസ്ഥാനത്തെ മൂന്നാമത്തെ വലിയ കക്ഷിയെങ്കിലും ആയി മാറാനാണു തീവ്രശ്രമം.
ദേശീയ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമായ യുപിയിലെ പോരാട്ടത്തിന് മുലായം സിംഗും മായാവതിയും നയിക്കുന്ന എസ്പിയും ബിഎസ്പിയും ഒരിക്കല്‍ക്കൂടി പോരിനിറങ്ങുമ്പോഴാണു പരാമവധി സീറ്റുകളും വോട്ടും നേടാന്‍ ബിജെപിയും കോണ്‍ഗ്രസും തന്ത്രം മെനയുന്നത്.

chandrika: