രാംപുര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം. പട്ടാപ്പകല്‍ നടുറോഡില്‍ ഒരു സംഘം അക്രമികള്‍ രണ്ട് സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. രാംപുര്‍ ജില്ലയിലാണ് സംഭവം. 14 പുരുഷന്മാര്‍ ചേര്‍ന്ന് രണ്ടു സ്ത്രീകളെ തടഞ്ഞു നിര്‍ത്തി അപമാനിക്കുന്നതും പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ അക്രമികള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീതി കുറഞ്ഞ റോഡിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീകളെ മോട്ടോര്‍ ബൈക്കിലെത്തിയ സംഘം ഉപദ്രവിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഉപദ്രവിക്കരുതെന്ന് സ്ത്രീകള്‍ അപേക്ഷിക്കുന്നതും നിലവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളു. പ്രധാന പ്രതിയെ പിടികൂടിയതായും മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്നും ജില്ലാ പൊലീസ് മേധാവി വിപിന്‍ ടാഡ അറിയിച്ചു. ആക്രമണത്തിനിരയായ സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടില്ല. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ആക്രമണങ്ങള്‍ വ്യാപകമായിരുന്നു. കഴിഞ്ഞദിവസം ഗൗതം നഗര്‍ ജില്ലയില്‍ കുടുംബത്തോടൊപ്പം സഞ്ചരിച്ച നാല് സ്ത്രീകളെ അക്രമി സംഘം കൂട്ടബലാത്സംഗം ചെയ്യുകയും രക്ഷിക്കാന്‍ ശ്രമിച്ച ബന്ധുവിനെ വെടിവെച്ചു കൊല്ലുകയും ചെയ്തിരുന്നു.
- 8 years ago
chandrika