കൊച്ചി: ഉത്ര വധക്കേസില്‍ അടിയന്തര പരോള്‍ ആവശ്യപ്പെട്ട് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പരോളിന് ശ്രമിച്ചെന്ന കേസില്‍ പ്രതി സൂരജിന്റെ മാതാവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. പൂജപ്പുര ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലെ കേസിലാണ് ജാമ്യം. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സൂരജിന്റെ അമ്മ രേണുക തിരുത്തിയെന്ന് കണ്ടെത്തിയിരുന്നു.
അടിയന്തര പരോള്‍ ആവശ്യപ്പെട്ട് നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ സൂരജിന്റെ അച്ഛന് ഗുരുതരരോഗമാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. സംശയം തോന്നിയ ജയില്‍ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറുമായി ബന്ധപ്പെടുകയും സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുക്കുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റ് നല്‍കിയത് താനാണെങ്കിലും അതില്‍ ഗുരുതരരോഗമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.
രേഖ വ്യാജമാണെന്ന് കണ്ടെത്തിയതോടെ സൂപ്രണ്ട് സൂരജിനെതിരെ പൂജപ്പുര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സൂരജിന്റെ അമ്മയായിരുന്നു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംഭവത്തില്‍ സൂരജിനെയും അമ്മയെയും ചോദ്യം ചെയ്യും. വ്യാജരേഖയുണ്ടാക്കാന്‍ സഹായിച്ചവരെയും കണ്ടെത്തും. പരോള്‍ ലഭിക്കാന്‍ വ്യാജ രേഖയുണ്ടാക്കി നല്‍കുന്ന സംഘം ഇതിന് പിന്നിലുണ്ടെന്നും പൊലീസ് സംശയിക്കുന്നു.
ഭാര്യയായ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സൂരജ് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. 2021 ഒക്ടോബര്‍ 13നാണ് കോടതി സൂരജിന് 17 വര്‍ഷം തടവും ശേഷം കഠിന തടവും വിധിച്ചത്. പരോളിന് നേരത്തെ സൂരജ് നല്‍കിയ അപേക്ഷ തള്ളിയിരുന്നു.