X
    Categories: MoreViews

ത്രിവേന്ദ്രസിങ് റാവത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് ത്രിവേന്ദ്ര സിങ് റാവത് മുഖ്യമന്ത്രിയാകും. ഇന്നാണ് സത്യപ്രതിജ്ഞ. ഇന്നലെ തലസ്ഥാനത്തു നടന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗം സിങിനെ സഭയിലെ കക്ഷി നേതാവായി തെരഞ്ഞെടുത്തു. കേന്ദ്രനിരീക്ഷകന്മാരായ സരോജ് പാണ്ഡേ, നരേന്ദ്രതോമര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
ദൊയവാല സീറ്റില്‍ നിന്ന് കോണ്‍ഗ്രസിന്റെ ഹീരാ സിങിനെ 24000 വോട്ടിന് തോല്‍പ്പിച്ചാണ് ഇദ്ദേഹം സഭയിലെത്തിയത്. ആര്‍.എസ്.എസ് സ്വയംസേവക് കൂടിയായ അദ്ദേഹം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവു കൂടിയാണ്.
1960ല്‍ ജനിച്ച ത്രിവേന്ദ്ര ചെറുപ്പകാലം തൊട്ടേ ആര്‍.എസ്.എസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 25-ാം വയസ്സില്‍ ഡെറാഡൂണ്‍ നഗരത്തിലെ ആര്‍.എസ്.എസ് പ്രചാരക് ആയിരുന്നു.
70 മണ്ഡലങ്ങളില്‍ 57 സീറ്റിലും ജയിച്ചാണ് ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് 11 സീറ്റേ നേടാനായുള്ളൂ. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

chandrika: