X

ഭിന്നശേഷിക്കാരിയായ ഉത്രക്കൊപ്പം ജീവിക്കാന്‍ വയ്യായിരുന്നു; അതിനാല്‍ കൊന്നു; ഞെട്ടിച്ച് മൊഴി

കൊല്ലം: അഞ്ചല്‍ സ്വദേശി ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നതില്‍ വെളിപ്പെടുത്തലുമായി കേസിലെ മാപ്പു സാക്ഷി ചാവര്‍കാവ് സുരേഷ്. ഭിന്നശേഷിക്കാരിയായ ഭാര്യയുമൊത്ത് ജീവിക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് കൊല നടത്തിയതെന്ന് സൂരജ് തന്നോട് പറഞ്ഞതായി സുരേഷ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി മുമ്പാകെ പറഞ്ഞു.

സംഭവം ആരോടും പറയരുതെന്നും സര്‍പദോഷമായി ഇത് അവസാനിക്കുമെന്നും സൂരജ് പറഞ്ഞു. ഇക്കാര്യം പുറത്തു പറയുന്നതോടെ താനും പ്രതിയാകുമെന്ന കാര്യവും സൂരജ് തന്നെ ഓര്‍മപ്പെടുത്തി. വിചാരണക്കിടെ വിങ്ങിക്കരഞ്ഞു കൊണ്ടാണ് സുരേഷ് ഇതെല്ലാം പറഞ്ഞത്.

കൊട്ടാരക്കര സ്‌പെഷല്‍ സബ് ജയിലില്‍ കഴിയുന്ന സാക്ഷിയെ വിസ്താരത്തിനായി കോടതിയില്‍ ഹാജരാക്കിയിരുന്നു. വിചാരണ്കകിടെയാണ് സുരേഷ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സുരേഷിന്റെ മൊഴിയില്‍ നിന്ന്: പത്രത്തിലൂടെയാണ് ഉത്രയുടെ പാമ്പുകടിയേറ്റുള്ള മരണം അറിഞ്ഞത്. അതു കണ്ടയുടനെ സൂരജിനെ വിളിച്ചു, എന്തിനാടാ, മിണ്ടാപ്രാണിയെ ഉപയോഗിച്ച് മഹാപാപം ചെയ്തത് എന്ന് ചോദിച്ചു. അപ്പോള്‍ ഭിന്നശേഷിക്കാരിയായ ഭാര്യയുമായി ജീവിക്കാന്‍ വയ്യാത്തത് കൊണ്ടാണെന്ന് സൂരജ് മറുപടി പറഞ്ഞു. ചേട്ടന്‍ ഇതാരോടും പറയരുത്, സര്‍പ്പദോഷമെന്ന് എല്ലാവരും കരുതിക്കോളും. പുറത്തറിഞ്ഞാല്‍ ചേട്ടനും കൊലക്കേസ് പ്രതിയാകും. ജയിലില്‍ വച്ച് ഇതെല്ലാം ഓര്‍ത്ത് താന്‍ കരയുമ്പോള്‍ സഹതടവുകാരനാണ് ഉള്ള കാര്യം കോടതിയില്‍ പറയാന്‍ പറഞ്ഞത്. തുടര്‍ന്നാണ് ഹര്‍ജി നല്‍കിയതെന്ന് സുരേഷ് പറയുന്നു.

web desk 1: