കൊല്ലം: ഉത്രയെ മൂര്‍ഖന്‍ പാമ്പുകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 302, 307, 328, 201 വകുപ്പുകളാണ് ചുമത്തിയത്.ഉത്ര മരിച്ച് ഒന്നര വര്‍ഷമാവുമ്പോഴാണ് വിധി. ശിക്ഷാ വിധി മറ്റന്നാള്‍ പ്രഖ്യാപിക്കും.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും സമാനതകളില്ലാത്ത ക്രൂരതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതി സൂരജിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഉച്ചക്ക് 12 മണിയോടെയാണ് കേസില്‍ വിധിപ്രസ്താവം തുടങ്ങിയത്. കുറ്റങ്ങള്‍ വായിച്ചു കേള്‍പിച്ചപ്പോഴെല്ലാം സൂരജ് നിര്‍വികാരനായി നിന്നു. ശേഷം എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ചോദ്യത്തിന് ഇല്ല എന്ന് മറുപടി പറഞ്ഞു.
2020 മെയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ ഉത്രയെ (25 വയസ്) സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27 വയസ്) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും വേണ്ടി മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തി. സംസ്ഥാനത്ത് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുന്ന ആദ്യത്തെ കേസാണിത്.
പാമ്പിനെ ഏഴു ദിവസം പട്ടിണിക്കിട്ട് പ്ലാസ്റ്റിക് ഭരണിയില്‍ സൂക്ഷിച്ച ശേഷമാണ് പുറത്തെടുത്ത് കടിപ്പിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പാമ്പ് ഒരാഴ്ച പട്ടിണിയായിരുന്നെന്ന് കണ്ടെത്തിയത്. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിക്കുന്നതിന് രണ്ട് മാസം മുമ്പും ഉത്രക്ക് പാമ്പു കടിയേറ്റിരുന്നു. പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ വച്ചായിരുന്നു അത്. അണലിയായിരുന്നു കടിച്ചത്. അതും സൂരജ് കൊലപ്പെടുത്താന്‍ വേണ്ടി കടിപ്പിച്ചതായിരുന്നെന്ന് പിന്നീട് കണ്ടെത്തി. ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് ആദ്യ കടിയില്‍ നിന്ന് രക്ഷപ്പെട്ടത്.
ആ ശ്രമം പരാജയപ്പെട്ടതോടെ ഉത്രയുടെ വീട്ടില്‍ പോയി പാമ്പിനെ കൊണ്ട് പിന്നീട് കടിപ്പിച്ചു. സൂരജിന്റെ ഇന്റര്‍നെറ്റ് സെര്‍ച്ചിങ്ങില്‍ നിന്ന് പാമ്പുകൊണ്ട് കടിപ്പിച്ചു കൊല്ലുന്നതിന്റെ വിവരങ്ങള്‍ ലഭിച്ചതും കേസില്‍ നിര്‍ണായകമായി.