ആഗ്ര: സ്‌നേഹത്തിനും മാനവികതയ്ക്കും അതിര്‍ത്ഥികളില്ല, അത് ചിലപ്പോള്‍ കുന്നും മലയും കടന്ന് വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക് സ്വാന്തനമാകും. മക്കളെ പഠിപ്പിക്കാന്‍ സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശിലെ അമ്മക്ക് സഹായവുമായി എത്തിയത് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍.
ആഗ്രയിലെ ആരതി ശര്‍മ്മയുടെ 4 മക്കളുടെ പഠനത്തിനാണ് തളിപറമ്പിലെ വിദ്യാര്‍ത്ഥികള്‍ പണം സമാഹരിച്ചത്. ഒരിക്കലും കണ്ടിട്ടില്ലാത്ത കുട്ടികള്‍ തന്റെ മക്കളുടെ പഠിപ്പിന് കൈതാങ്ങായി വരുമെന്ന് ആരതി ശര്‍മ ഒരിക്കലും പ്രതീക്ഷിച്ചതല്ല.
മക്കളുടെ പഠനത്തിനായി വൃക്കവില്‍ക്കാന്‍ ശ്രമിച്ച ആരതി ശര്‍മയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് കണ്ട് എംഎല്‍എ ജെയിംസ് മാത്യുവാണ് തളിപറമ്പിലെ സ്‌ക്കൂള്‍ കുട്ടികളോട് സഹായം തേടിയത്. ഒറ്റദിവസം കൊണ്ട് തളിപറമ്പിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ചത് രണ്ട് ലക്ഷത്തി അയ്യായിരം രൂപ.
ആഗ്രയില്‍ നടന്ന ചടങ്ങില്‍ വെച്ച് കുട്ടികളുടെ സഹായം ആരതിക്കും മക്കള്‍ക്കും കൈമാറി.
ആരതിയുടെ ഭര്‍ത്താവ് മനോജിന്റെ തുണിവ്യവസായം തകര്‍ന്നത് രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് നടപ്പിലാക്കിയ നോട്ട് നിരോധനം കൊണ്ടാണ്. സഹായത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയടക്കമുള്ളവരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.